വടകര: വടകരയില്‍ നിന്ന് കൊയിലാണ്ടി, പേരാമ്പ്ര ഭാഗത്തേക്കു പോകുന്ന ലോക്കല്‍ ബസുകള്‍ രാത്രി ഏഴു മണിക്ക് ശേഷം ട്രിപ്പ് മുടക്കുന്നതായി പരാതി. ഇതിനെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുന്നു.
ട്രിപ്പ് റദ്ദാക്കുന്ന പ്രവണത ഇടക്കാലത്തായി വര്‍ധിച്ചതായാണ് പരാതി. ഇതുമൂലം പാലോളിപ്പാലം മുതല്‍ പയ്യോളി വരെയുള്ള സ്ഥലങ്ങളില്‍ എത്തേണ്ടവര്‍ ഏഴു മണിക്ക് ശേഷം ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തില്‍ ട്രിപ്പ് മുടക്കുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തണമെന്നും പുതുപ്പണം ഗ്രന്ഥാലയം & കലാസമിതി, വാര്‍ഷിക ജനറല്‍ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് പി.കെ.ബാലന് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി പി.രാജന് റിപ്പോര്‍ട്ടും വരവ് ചെലവു കണക്കും അവതരിച്ചിച്ചു. ടി.ഭാസ്ക്കരന്‍, കെ.വി.വത്സലന്‍, പി.കെ.നാരായണന്, അരവിന്ദാക്ഷന്.എം.കെ, ശശി.പി.പി, ജയന്, അരവിന്ദന് എം.ടി, മനോഹരന് എന്നിവര്‍ സംസാരിച്ചു.