വടകര: കരുതലും സേവനവുമെന്ന് ഫ്ളക്സില്‍ അച്ചടിക്കുന്ന സിപിഎം ഒരു ന്യായീകരണവുമില്ലാതെ അക്രമം നടത്തുകയാണെന്നും എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് സാമഗ്രികളില്‍ ബോംബ് പ്രധാന ഐറ്റമാണെന്നും വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. പുരോഗമനം പ്രസംഗിക്കുമ്പോഴും വാളും ബോംബും ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറല്ലെന്നതിന്റെ തെളിവാണ് പാനൂരിലെ ബോംബ് സ്ഫോടനമെന്ന് ഷാഫി വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. ഇത് ആരെ ലക്ഷ്യം വെച്ചുള്ളതാണെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ഷാഫി ആവശ്യപ്പെട്ടു. ഒരിക്കലും ന്യായീകരിക്കാനാവാത്ത സംഭവമാണ് പാനൂരില്‍ നടന്നെതെന്നും ഒരു തെരഞ്ഞെടുപ്പിന് മുന്‍പ് എന്തിനാണ് സിപിഎം ബോംബ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ബോംബ് നിര്‍മാണത്തിന് ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്ന് ഷാഫി പതികരിച്ചു. പരാജയഭീതിയാണ് ഇതിനു പിന്നില്‍. ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല. സ്പെഷ്യല്‍ ബ്രാഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ക്രൈം എക്സ്പേര്‍ട്ടുകളെ സിപിഎം കൂടെ നിര്‍ത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതൃത്വത്തോട് ക്രിമിനലുകളുമായുള്ള ബന്ധത്തെ പറ്റി ചോദിക്കണം. നേരിട്ട് ചോദിക്കാന്‍ പറ്റില്ലെങ്കില്‍ വോട്ട് ചെയ്ത് കാണിക്കണം. പാര്‍ട്ടിക്ക് ബന്ധമില്ലെന്ന സിപിഎം പല്ലവി ജനങ്ങള്‍ തള്ളണമെന്നും അദ്ദേഹം പറഞ്ഞു. ബോംബുകള്‍ നിര്‍വീര്യമാക്കാന്‍ വ്യാപകമായ റെയ്ഡ് നടത്തണം. സംഭവത്തെ പറ്റി സമഗ്രാന്വേഷണം വേണമെന്നും സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തണമെന്നും ഷാഫി ആവശ്യപ്പെട്ടു.