ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷം നഷ്ടമായതോടെ സഖ്യകക്ഷികളുടെ പിന്തുണയോടെ മന്ത്രിസഭ രൂപവത്കരിക്കാന്‍ ബിജെപി ശ്രമം തുടങ്ങി. എന്‍ഡിഎ ഘടകകക്ഷികളുടെ നിലപാട് നിര്‍ണായകമായിരിക്കുകയാണ്. എന്‍ഡിഎയ്ക്കൊപ്പം തുടരുമെന്നാണ് ടിഡിപിയും ജെഡിയുവും വ്യക്തമാക്കിയിരിക്കുന്നത്. അതിനാല്‍ മറ്റു നാടകീയ നീക്കങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തും. 240 സീറ്റുകളാണ് ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത്. കോണ്‍ഗ്രസ് 99 സീറ്റുകള്‍ നേടി. യുപിയിലും മഹാരാഷ്ട്രയിലും ബംഗാളിലും എന്‍ഡിഎക്ക് തിരിച്ചടിയേറ്റു. മോദിയുടെ ഭൂരിപക്ഷത്തിനും വന്‍ ഇടിവുണ്ടായി. ഘടകക്ഷികളുടെ കനിവിലാണ് ബിജെപി അധികാരത്തിലേക്ക് നീങ്ങുന്നതെന്ന പ്രത്യേകതയാണ് ഇത്തവണ.
അമിത ആത്മവിശ്വാസത്തില്‍ 400 ലധികം സീറ്റുകളെന്ന അവകാശവാദവുമായി പ്രചാരണ രംഗത്തിറങ്ങിയ മോദിക്കേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. 2014ലും 2019ലും എല്ലാ കണക്കു കൂട്ടലുകളെയും തെറ്റിച്ച് കേവല ഭൂരിപക്ഷത്തിനപ്പുറവും സീറ്റ് നേടിയ മോദിയും ബിജെപിയും ഇക്കുറി ദുര്‍ബലമായി. 272 എന്ന മാന്ത്രിക സംഖ്യക്ക് അടുത്തെത്താന്‍ പോലും ബിജെപിക്കായില്ല. നാനൂറ് കടക്കുമെന്ന് പ്രഖ്യാപിച്ച മോദിക്ക് എന്‍ഡിഎയെ മുന്നൂറ് കടത്താന്‍ പോലും കഴിഞ്ഞില്ല. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മോദി പിന്നിലായത് യുപിയിലെ ആകെയുള്ള പ്രകടനത്തിന്റെ ആദ്യ സൂചനയായിരുന്നു. കഴിഞ്ഞ തവണ 4,79000 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ മോദിയുടെ ഭൂരിപക്ഷം ഇക്കുറി ഒന്നര ലക്ഷമായി കുത്തനെ ഇടിഞ്ഞു.
കോണ്‍ഗ്രസ്-സമാജ് വാദി പാര്‍ട്ടി സഖ്യത്തിന് അവര്‍ പോലും പ്രതീക്ഷിക്കാത്ത സീറ്റുകള്‍ കിട്ടി. റായ്ബേറലിയിലെ രാഹുല്‍ ഗാന്ധിയുടെ നാല് ലക്ഷത്തോലം വരുന്ന ഭൂരിപക്ഷം മോദിയുടെ അംഗീകാരത്തെ വെല്ലുവിളിക്കുന്നതായി. അഖിലേഷ് യാദവും ഭാര്യ ഡിംപിള്‍ യാദവും വന്‍ ഭൂരിപക്ഷം നേടി. എതിര്‍സ്ഥാനാര്‍ഥിയായ കിഷോറിലാലിനെ പുച്ഛിച്ച് മത്സരിച്ച സ്മൃതി ഇറാനി ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വീണു. മേനക ഗാന്ധിയടക്കമുള്ള മറ്റ് പ്രമുഖരും തോറ്റു.
അയോധ്യ ക്ഷേത്രം രാഷ്ട്രീയ നേട്ടത്തിന് ആയുധമാക്കിയെങ്കില്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിലും ബിജെപിക്കു കാലിടറി. രാജസ്ഥാനിലെയും ഹരിയാനയിലെയും കോട്ടകളില്‍ വിള്ളല്‍ വീണു. വടക്കേ ഇന്ത്യയില്‍ സീറ്റുകള്‍ കുറഞ്ഞു. ബംഗാളിലും പ്രതീക്ഷിച്ചത് നേടാനായില്ല. തെക്കേ ഇന്ത്യയില്‍ വന്‍ നേട്ടമുണ്ടാക്കാനുള്ള നീക്കവും പാളി. ഒഡീഷയിലെ വന്‍ വിജയം മാത്രമാണ് ആശ്വാസമായത്.
ഒറ്റക്ക് ഭൂരിപക്ഷം നഷ്ടമായതോടെ നിതീഷ് കുമാറിന്റെ ജെഡിയു, ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന, ചിരാഗ് പാസ്വാന്റെ എല്‍ജെപി എന്നീ പാര്‍ട്ടികളുടെ സഹായത്തോടെ വേണം മോദിക്ക് ഭരിക്കാന്‍. ഈ നേതാക്കളെ റാഞ്ചാന്‍ ഇന്ത്യ സഖ്യവും ശ്രമിക്കുമ്പോള്‍ മോദിക്ക് പുതിയ സര്‍ക്കാര്‍ എന്നും സമ്മര്‍ദ്ദമായിരിക്കും. എല്ലാം തന്നില്‍ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയവും തിരുത്തേണ്ടി വരും.