ഇടുക്കി: ബിജെപിയില്‍ ചേരുമെന്ന പ്രചാരണത്തെ തള്ളി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്. നിലവില്‍ ഇപ്പോള്‍ അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ലെന്ന് എസ് രാജേന്ദ്രന് പ്രതികരിച്ചു. സിപിഎം സസ്പെന്ഷന് പിന്‍വലിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അത് പിന്‍വലിച്ചില്ലെങ്കില്‍ ഒരുപക്ഷേ മറിച്ചുള്ള തീരുമാനം ഉണ്ടാകാമെന്നും രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട്ടില്‍ നിന്നുള്ള ബിജെപി ദേശീയ നേതാവ് തന്നെ വന്ന് കണ്ടിരുന്നുവെന്ന് എസ് രാജേന്ദ്രന് വെളിപ്പെടുത്തി. പി കെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കളും സംസാരിച്ചു. ഈ വിവരം സിപിഎം സംസ്ഥാന സെക്രട്ടറിയെ എകെജി സെന്ററിലെത്തി അറിയിച്ചിരുന്നു. എന്നിട്ടും ഇതുവരെ സസ്പെന്ഷന് നടപടി പിന്‍വലിക്കാനുള്ള തീരുമാനമാകാത്തതില്‍ പ്രതിഷേധമുണ്ടെന്ന് രാജേന്ദ്രന് പറയുന്നു. തന്നെ പുറത്ത് നിര്‍ത്തുന്നതിന് പിന്നില്‍ ചില സിപിഎം പ്രാദേശിക നേതാക്കളാണ്. സിപിഎം അകറ്റി നിര്‍ത്തിയാലും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കില്ല. ന്യൂഡല്‍ഹിയിലെത്തി ബിജെപി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന പ്രചരണം ശരിയല്ലെന്നും ബിജെപിയെ പോലെ മറ്റു ചില രാഷ്ട്രീയ കക്ഷികളും ക്ഷണിച്ചിട്ടുണ്ടെന്നും രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു.