ന്യൂഡൽഹി: ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. റിട്ടേണിങ് ഓഫിസർ അസാധുവാക്കിയ എട്ട് ബാലറ്റ് പേപ്പറുകൾ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ എ.എ.പിയുടെ കുൽദീപ് കുമാർ മേയറാകും. ഈ എട്ട് വോട്ടുകളും സാധുവാണെന്നും ഇവയെല്ലാം ലഭിച്ചത് എ.എ.പി സ്ഥാനാർഥി കുൽദീപ് കുമാറിനാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ബാലറ്റ് പരിശോധനക്ക് ശേഷം തീർപ്പ് കൽപിച്ചു. ബാലറ്റിൽ കൃത്രിമം നടത്തിയ വരണാധികാരി അനിൽ മസീഹിനെതിരെ കോടതിയലക്ഷ്യത്തിന്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-mm.jpeg?resize=567%2C533&ssl=1)
നടപടിയെടുക്കാൻ പഞ്ചാബ്-ഹരിയാന ഹൈകോടതി രജിസ്ട്രാറോട് കോടതി നിർദേശിച്ചു. അട്ടിമറിയിലൂടെ ചണ്ഡിഗഢ് മേയറായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അംഗം മനോജ് സോങ്കർ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് രാജിവെച്ചിരുന്നു. മേയർ തെരഞ്ഞെടുപ്പിനെതിരായ ഹരജി സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെയായിരുന്നു രാജി. അതിനിടെ ഭരണം തിരിച്ചുപിടിക്കാൻ മൂന്ന് എ.എ.പി കൗൺസിലർമാരെ ബി.ജെ.പി ചാക്കിട്ടുപിടിച്ചിരുന്നു. മേയർ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നതായി സുപ്രീംകോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ബാലറ്റ് പേപ്പറിൽ ക്രമക്കേട് നടത്തിയ പ്രിസൈഡിങ് ഓഫിസർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട കോടതി ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.