ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും ഊന്നല്‍ നല്കുന്ന
2024-25 വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവില്‍ അവതരിപ്പിച്ചു. 32 കോടി രൂപ വരവും 29.80 കോടി ചെലവും 2.20 കോടി മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
ഉല്പാദന-സേവന-പശ്ചാത്തല മേഖലയിലെ ക്രമാനുഗതമായ പുരോഗതി ലക്ഷ്യമിട്ടാണ് ബജറ്റില്‍ തുക നീക്കിവെച്ചിട്ടുള്ളത്. പഞ്ചായത്തിലെ പാവപ്പെട്ടവരെയും അതിദരിദ്രരുമായവരെയും കൈപിടിച്ചുയര്‍ത്തുകയെന്ന ലക്ഷ്യമിട്ട് ഭവന നിര്‍മാണത്തിനും പരിഷ്കരണത്തിനും ലൈഫ് ഭവന പദ്ധതിക്കുമായി നാല് കോടി 55 ലക്ഷം രൂപയും പുതിയ റോഡുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മ്മാണത്തിനും നവീകരണത്തിനുമായി മൂന്ന് കോടി 31 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി. കാര്‍ഷിക മേഖലക്ക് ഏറെ പ്രാധാന്യമുള്ള പഞ്ചായത്ത് എന്ന നിലക്ക് കൃഷിക്ക് 38 ലക്ഷം രൂപയും മൃഗസംരക്ഷണത്തിനും ക്ഷീര വികസനത്തിനുമായി 44 ലക്ഷം രൂപയും നീക്കിവെച്ചു.
സാമൂഹികസുരക്ഷിതത്വ പെന്ഷന് ഏഴരക്കോടി രൂപയും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി നാല് കോടി 55 ലക്ഷം രൂപയും വകയിരുത്തി. പഞ്ചായത്തിന്റെ നൂതന ആശയമായ ശിശു സൗഹൃദ ഗ്രാമം പദ്ധതിക്കായി 52 ലക്ഷം രൂപയും ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവരുടെ ഉന്നമനത്തിന് 27 ലക്ഷവും പട്ടികജാതി വികസനത്തിന് 18 ലക്ഷം രൂപയും ബജറ്റില്‍ ഉള്‍പെടുത്തി.
പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിനും ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കും കുടിവെള്ളത്തിനുമായി 25 ലക്ഷം രൂപയും ആരോഗ്യ മേഖലയുടെ സര്‍വ്വ വികസനത്തിന് 24 ലക്ഷം രൂപയും ഊര്‍ജ്ജ മേഖലക്ക് 7 ലക്ഷവും വിദ്യാഭ്യാസ- കലാ- സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി 6.25 ലക്ഷം രൂപയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.
പഞ്ചായത്തിന്റെ തനത് ഫണ്ട് വര്‍ധിപ്പിക്കുന്നതിന് വേണ്ട സംരംഭങ്ങള്‍ തുടങ്ങുന്നതിന് ബജറ്റ് ഊന്നല്‍ നല്കുന്നു. തറോപ്പൊയില്‍ ഭാഗത്തെ തുരുത്തുകള്‍ കേന്ദ്രീകരിച്ചും കല്ലേരിയിലെ മാഹി കനാലും അനുബന്ധ പ്രദേശവും ഉപയോഗപ്പെടുത്തി ടൂറിസം സാധ്യതകള്‍ പഠിക്കുന്നതിന് ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. കായിക കുതിപ്പിന് പൊതു കളിസ്ഥലം നിര്‍മിക്കുന്നതിനും ശുപാര്‍ശ ചെയ്യുന്നു.
പ്രസിഡന്റ് എന്‍. അബ്ദുല്‍ ഹമീദ് അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ അഷറഫ് വെള്ളിലാട്ട്, പി.എം. ലതിക, ടി.വി. കുഞ്ഞിരാമന്, പഞ്ചായത്ത് അംഗങ്ങളായ കാട്ടില്‍ മൊയ്തു, ടി.സജിത്ത്, പി.രവീന്ദ്രന്, എ.സുരേന്ദ്രന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.