കൊയിലാണ്ടി: ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണുമരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്ട്ടത്തെ ചൊല്ലി കൊയിലാണ്ടിയില്‍ തര്‍ക്കം. ഓട്ടോ തൊഴിലാളികളും ബന്ധുക്കളും താലൂക്ക് ആശുപത്രിയില്‍ ബഹളം വെച്ചു. കൊല്ലം ചിറയ്ക്ക് സമീപം കൂട്ടുമുഖത്ത് ജിനീഷ് (46) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ച ശേഷം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് മരണപ്പെട്ടു. ഇന്ക്വസ്റ്റ്റിപ്പോര്ട്ട് കിട്ടിയപ്പോള്‍ മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ബഹളമായി. പിന്നാലെ ജിനീഷിന്റെ ബന്ധുക്കളും ഡിവൈഎഫ്ഐ പ്രവര്‍ത്തരും ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചു. ജിനീഷിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞതിന്റെ പേരിലാണ് സൂപ്രണ്ടിനെ രോഗിയുടെ ബന്ധുക്കളും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തടഞ്ഞുവെച്ചത്.
ആശുപത്രി സ്റ്റാഫിന്റെ റിട്ടയര്‍മെന്റ് പരിപാടി ഉള്ളതിനാലാണ് പോസ്റ്റ്മാര്‍ട്ടം നടത്താത്തതെന്നാണ് രോഗിയുടെ ബന്ധുക്കളും ഡിവൈഎഫ്ഐയും ആരോപിക്കുന്നത്. എന്നാല്‍ ഫോറന്‍സിക് വിദഗ്ധന്റെ റിപ്പോര്‍ട്ട് വേണ്ടത് കൊണ്ടാണ് പോസ്റ്റ്മോര്‍ട്ടം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. തര്‍ക്കം മൂത്തെങ്കിലും ഒടുവില്‍
മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോവുകയായിരുന്നു.
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എന്‍.വിജീഷ്, സതീഷ്ബാബു, ഫര്ഹാന്, കീര്‍ത്തന എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയര്മാന് കെ.സത്യന് എന്നിവര്‍ സ്ഥലത്തെത്തി.
-സുധീര്‍ കൊരയങ്ങാട്