തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ പത്തുജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും പത്തനംതിട്ട ജില്ലയില്‍ 38°C വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 2 – 4 °C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സുരക്ഷാ മുന്‍കരുതല്‍ അനിവാര്യം -പൊതുജനങ്ങള്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം എല്ക്കുന്നത് ഒഴിവാക്കുക. -നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. -പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. -ORS, ലെസ്സി, ബട്ടർ മിൽക്ക്, നാരങ്ങാ വെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്. -അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. -പുറത്തേക്ക് ഇറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.-ചൂട് പരമാവധിയിൽ എത്തുന്ന നട്ടുച്ചക്ക് പാചകത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. -പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.