വടകര: നമ്മുടെ സമൂഹത്തില്‍ സ്ത്രീയോടുള്ള സമീപനം എത്രമാത്രം അശ്ലീലമായിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വടകരയിലെ യുഡിഎഫ് യോഗത്തില്‍ ഉണ്ടായതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന് അഖിലേന്ത്യാ പ്രസിഡന്റ് പി.കെ.ശ്രീമതി പറഞ്ഞു. അമ്മയെയും സഹോദരിയെയും പോലെ കാണേണ്ടവരെ കൊണ്ട് എങ്ങനെയാണ് ഈ രീതിയില്‍ പറയാന്‍ കഴിയുക. സ്ത്രീകള്‍ക്കെതിരെ ആര് എന്ത് അധിക്ഷേപം നടത്തിയാലും അതിനെതിരെ ഇടതു പക്ഷ മഹിളാ സംഘടനകള്‍ പ്രതിഷേധിക്കും. സ്ത്രീകള്‍ മാത്രമല്ല സമൂഹം ഒന്നാകെ ഇതിനെതിരായി പ്രതിഷേധിക്കണമന്ന് പി.കെ.ശ്രീമതി പറഞ്ഞു. വടകര ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജക്കും സിനിമാ താരം മഞ്ജു വാര്യര്‍ക്കും എതിരെ യുഡിഎഫ് പൊതുയോഗത്തില്‍ നടന്ന അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ വടകരയില്‍ സംഘടിപ്പിച്ച മഹിളകളുടെപ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.കെ.ശ്രീമതി. സൈബര്‍ അക്രമണങ്ങള്‍ക്കു പിന്നില്‍ മാനസികമായി വ്യക്തികളെ തളര്‍ത്തുക എന്നതാണ് ലക്ഷ്യമെന്ന് അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇത്തരത്തില്‍ കെ കെ ശൈലജയെ തളര്‍ത്താമെന്നത് മിഥ്യാധാരണയാണ്. വടകരയില്‍ ശൈലജ ജയിക്കുമെന്ന ഭയമാണ് യുഡിഎഫ് യോഗത്തില്‍ കണ്ട അശ്ലീല പരാമര്‍ശം. യുഡിഎഫിന്റ സമീപനവും നിലപാടും സ്ത്രീ വിരുദ്ധമാണ്. സ്ത്രീപക്ഷ നിലപാടുകാര്‍ക്ക് കേട്ടിരിക്കാന്‍ കഴിയുന്നതല്ല ഇത്തരം പരാമര്‍ശങ്ങള്‍. അശ്ലീല പരാമര്‍ശം ശരിയായില്ലെന്ന് പറയാന്‍ യുഡിഎഫ് യോഗത്തില്‍ പിന്നീട് സംസാരിച്ചവരാരും തയ്യാറായില്ല. ഇനി മിണ്ടിപ്പോകരുതെന്ന് പറയാന്‍ ആരും ഉണ്ടായില്ല. സ്ത്രീ സമൂഹത്തെ അടച്ചധിക്ഷേപിക്കുന്നതിന് തുല്യമാണിതെന്നും പി കെ ശ്രീമതി പറഞ്ഞു.
എല്‍ഡിഡബ്ല്യുഎഫ് നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമത്തില്‍ ഒ പി ഷീജ അധ്യക്ഷയായി. മഹിളാ അസോസിയേഷന് കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, കേരള മഹിളാ സംഘം സംസ്ഥാന ജോ. സെക്രട്ടറി ഷീല വിജയകുമാര്‍, കാനത്തില്‍ ജമീല എംഎല്‍എ, കെ കെ ലതിക, ഖദീജ, അഡ്വ. കെ പി ബിനീഷ, അനിത കുന്നത്ത്, റീന സുരേഷ്, ദീപ ഡി ഓള്‍ഗ, പി എം ലീന തുടങ്ങിയവര്‍ സംസാരിച്ചു.