കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉപരിപ്ലവമായ പരിഷ്ക്കാരമല്ല കാലാനുസൃതമായ ഉടച്ചുവാര്‍ക്കല്‍ ആണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ‘അടുത്ത വര്‍ഷം നാലു വര്‍ഷ ബിരുദ കോഴ്സ് നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളുടെ മുഖഛായ തന്നെ മാറും. കായിക രംഗത്തെ നേട്ടങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് ക്രെഡിറ്റ് ലഭിക്കും. പൂര്‍ണമായും വിദ്യാര്‍ഥി കേന്ദ്രീകൃത മാറ്റമാണ് നടപ്പാക്കുന്നത്,’ നവകേരള സദസിന്റെ തുടര്‍ച്ചയായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
ഗവേഷണ മേഖലയില്‍ ലോകനിലവാരത്തില്‍ എത്താന്‍ കേരളത്തിന് കഴിയാത്തതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
‘ഗവേഷണ മേഖലയില്‍ ലോകനിലവാരത്തില്‍ എത്താന്‍ സംസ്ഥാനത്തിന് സാധിക്കുന്നില്ല. നമുക്ക് ഇന്‍-ഹൗസ് എക്സലന്‍സ് കഴിയുന്നില്ല. ഇതേക്കുറിച്ച് ഗൗരവമായി ചിന്തിച്ച് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കണം’. ‘കഴിഞ്ഞ മൂന്ന് വര്‍ഷമായി വലിയ തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ഗവേഷണ മേഖലയില്‍ ചെലവഴിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്കോളര്‍ഷിപ്പിനായി ഏറ്റവും കൂടുതല്‍ തുക മുടക്കുന്നത് കേരളമാണ്. ഇത് ചെലവായിട്ടല്ല, ഭാവിയിലേക്കുള്ള നിക്ഷേപമായാണ് കാണുന്നത്,’ മുഖ്യമന്ത്രി വ്യക്തമാക്കി.
ഗവേഷണ മേഖലയില്‍ പ്രവേശിക്കുന്ന ഡോക്ടര്‍മാര്‍ കുറവാണെന്നും അത് പോരെന്നും പറഞ്ഞ മുഖ്യമന്ത്രി ബയോമെഡിക്കല്‍ ഗവേഷണം ത്വരിതപെടുത്താന്‍ ആവശ്യപ്പെട്ടു. ‘കൂടുതല്‍ ഡോക്ടര്‍മാര്‍ ഗവേഷണത്തിന് വരണം. അത് വലിയ മാറ്റമുണ്ടാക്കും,’ അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന കാലത്തേക്ക് കേരളത്തെ സജ്ജമാക്കുക എന്ന ഉദ്ദേശ്യത്തിലൂന്നിയുള്ള ഇടപെടല്‍ ആണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്നത്. മള്‍ട്ടി-ഡിസിപ്ലിനറി സമീപനമാണ് ലോകമൊട്ടുക്കും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത്. അതിനൂതനമായ മേഖലകളിലും നമ്മുടെ വിദ്യാര്‍ഥികളുടെ പ്രാവീണ്യം വേണം. അതിനനുസരിച്ചുള്ള പരിഷ്കാരങ്ങളാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്.
രണ്ടര വര്‍ഷം കൊണ്ട് ബിരുദം നേടുന്ന ഏണ് എ സെമസ്റ്റര്‍ പോലുള്ള സംവിധാനം നടപ്പാവാന്‍ കേരളത്തില്‍ വഴി ഒരുങ്ങുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കെ-റീപ് സോഫ്റ്റ്വെയര് നിലവില്‍ വന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍വകലാശാലകളില്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകുമെന്നും ഇതിനായി നിയമവും ചട്ടവും പരിഷ്കരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രാപ്യത, തുല്യത എന്നിവയില്‍ രാജ്യത്തിനു മാതൃകയായ കേരളം പക്ഷെ ഈ നേട്ടങ്ങളില്‍ മാത്രം സംതൃപ്തമല്ല. സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തും കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഹബ്ബ് ആയി തിരിച്ചറിയണം.
വിദ്യാര്‍ഥികളുടെ ഗ്രോസ് എന്റോള്‍മെന്റ് അനുപാതത്തില്‍ 10 % നേട്ടമുണ്ടാക്കിയ കേരളത്തിന്റെ ഗേള്‍സ് എന്റോള്‍മെന്റ് അനുപാതം 50% ആണ്. എന്നാല്‍ മികവിന്റെയും ഗുണമേന്മയുടെയും കാര്യത്തില്‍ ഈ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
അറിവ് നേടിയാല്‍ പോര അറിവിന്റെ രാഷ്ട്രീയം മനസിലാക്കണമെന്ന് വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി തിരുവനന്തപുരം എല്‍ബിഎസ് എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥിനികള്‍ രൂപകല്പന ചെയ്ത സാറ്റലൈറ്റ്, തൃശൂര്‍ ഗവ. എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ നിര്‍മിച്ച കുഞ്ഞപ്പന്-2 റോബോട്ട്, പാലക്കാട്ടെ കോളജ് വിദ്യാര്‍ഥികള്‍ നിര്‍മിച്ച തേങ്ങ ചിരകുന്ന യന്ത്രം എന്നിവ ഉന്നത വിദ്യാഭ്യാസമേഖലയിലെ ആശയങ്ങള്‍ വ്യാവസായിക ഉല്‍പ്പന്നങ്ങളായി മാറുന്നതിന്റെ മികച്ച ഉദാഹരണങ്ങളായി എടുത്തുകാട്ടി.
അടിസ്ഥാന ശാസ്ത്രബോധവും മാനവിക ബോധവുമുള്ള വിദ്യാര്‍ഥിക്കേ നവകേരളം സൃഷ്ടിക്കാനാവുകയുള്ളൂ എന്ന് ചൂണ്ടികാട്ടിയ മുഖ്യമന്ത്രി മുഖമുഖത്തില്‍ വിദ്യാര്‍ഥികള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ തികച്ചും ഗൗരവമായി പരിഗണിക്കുമെന്ന് ഉറപ്പ് നല്കി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്.ബിന്ദു അധ്യക്ഷത വഹിച്ചു.