പേരാമ്പ്ര: കായണ്ണ, വാളൂര്‍ പ്രദേശങ്ങളെ നടുക്കിയ കുറുങ്കുടി മീത്തല്‍ അനുവിന്റെ (അംബിക) കൊലപാതകി ഒരു അന്തര്‍ സംസ്ഥാന കുറ്റവാളിയാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ പ്രതിക്ക് പ്രാദേശിക ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് അനേഷിക്കണമെന്ന് സിപിഎംഎല്‍ റെഡ്സ്റ്റാര്‍ പേരാമ്പ്ര ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു..
കൊണ്ടോട്ടി സ്വദേശിയായ ഒരു കൊടും കുറ്റവാളിക്ക് വാളൂര്‍ പോലുള്ള ഗ്രാമപ്രദേശത്ത് വന്ന് യഥേഷ്ടം സഞ്ചരിക്കാനും അറും കൊല നടത്തി രക്ഷപ്പെടാനും കഴിയുന്നത് ഗൗരവമായി കാണേണ്ടതാണ്. കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും വില്പനയും ഉപയോഗവും ഈ പ്രദേശത്തിന്റെ ചില ഭാഗങ്ങളില്‍ വര്‍ധിച്ചു വരുന്നതായും യുവാക്കള്‍ ഇരകളാക്കപ്പെട്ട് അതിന്റെ പേരില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുന്നതായും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആയതിനാല്‍ ഇത്തരം കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
കെ.പി സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ടി.രാധാകൃഷ്ണന്, എം.ടി.മുഹമ്മദ്, എന്‍.എം.പ്രദീപന്, വിജയന് വടക്കമ്പത്ത് എന്നിവര്‍ സംസാരിച്ചു.