കൊയിലാണ്ടി: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മൂടാടിയില്‍ സ്ഥാപിച്ചു. കാലാവസ്ഥ പ്രവചനത്തില്‍ ഇനി മൂടാടി പഞ്ചായത്തും പങ്കാളിയാവും.
ദുരന്തനിവാരണ അതോറിറ്റി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനാണ് മൂടാടി പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം കെട്ടിടത്തിന്റെ ഓപ്പണ്‍ ടെറസില്‍ സ്ഥാപിച്ചത്. മഴയുടെ അളവ്, അന്തരീക്ഷ താപനില, ആര്‍ദ്രത തുടങ്ങിയ ഘടകങ്ങള്‍ തിരുവനന്തപുരത്തെ ദുരന്തനിവാരണ അതോറിറ്റിയുടെ കേന്ദ്രീകൃത സെര്‍വറിലേക്ക് എത്തുന്ന വിധത്തിലാണ് നിരീക്ഷണ കേന്ദ്രം പ്രവര്‍ത്തിക്കുക. ഓരോ 15 മിനിറ്റിലും സിഗ്നലുകള്‍ ലഭ്യമാകും. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ശാസ്ത്രീയമായി മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്ന ഹിറ്റ് ആക്ഷന്‍ പ്ളാനിന്റെ ഭാഗമായാണ് മൂന്നു ലക്ഷം രൂപ ചെലവില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, സ്ഥിരം സമിതി അധ്യക്ഷരായ എം കെ മോഹന്‍, എം.പി.അഖില, വാര്‍ഡ് മെമ്പര്‍ പപ്പന് മൂടാടി, സെക്രട്ടറി എം.ഗിരീഷ്, അസിസ്റ്റന്റ് സെക്രട്ടറി ടി.ഗിരീഷ് കുമാര്‍, ഡോ: രജ്ഞിമ എന്നിവര്‍ സംസാരിച്ചു.
-സുധീര്‍ കൊരയങ്ങാട്