നാദാപുരം: ഇലക്ഷന് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നാദാപുരത്ത് കര്‍ശന നിയന്ത്രണം. കണ്ണൂര്‍ റേഞ്ച് ഐജി കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നാദാപുരത്ത് നിയന്ത്രണം കൈക്കൊള്ളുന്നത്.
നാലാം തിയ്യതി വൈകുന്നേരം ഏഴ് മണിക്ക് മുമ്പായി ആഹ്ലാദപ്രകടനം അവസാനിപ്പിക്കാനാണ് പോലീസ് വിളിച്ച ചേര്‍ത്ത സര്‍വകക്ഷി യോഗ തീരുമാനം. ബൈക്ക് റാലികള്‍, തുറന്ന വാഹനങ്ങളില്‍ കൂടുതല്‍ ആളുകളെ കയറ്റിയുള്ള ആഹ്ളാദ പ്രകടനം എന്നിവ പാടില്ല. അനുമതിയില്ലാതെ വാഹനങ്ങളില്‍ മൈക്ക് ഉപയോഗിച്ചാല്‍ വാഹനം പിടിച്ചെടുത്ത് ശക്തമായ നിയമ നടപടി സ്വീകരിക്കും. വാഹന പ്രകടനങ്ങള്‍ പഞ്ചായത്ത് അതിര്ത്തിക്കളളില് കേന്ദ്രീകരിക്കേണ്ടതും മറ്റു പഞ്ചായത്ത് പരിധികളിലേക്ക് കടക്കാന്‍ പാടില്ലാത്തതുമാണ്. ആഹ്ളാദ പ്രകടനങ്ങളുടെ റൂട്ട് കൃത്യമായി പോലീസിനെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. പ്രകടനങ്ങളില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതും എതിര് പാര്‍ട്ടികളുടെ ഓഫീസിനു മുന്നിലോ എതിര് പാര്‍ട്ടി നേതാക്കളുടെ വീടിന് മുന്നിലോ പ്രകോപന പരമായ പ്രകടനങ്ങള്‍ നടത്താന്‍ പാടില്ലാത്തതുമാണ്. ആഹ്ലാദ പ്രകടനങ്ങളില്‍ പടക്കങ്ങളുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്ലാദ പ്രകടനത്തിനായി പഞ്ചായത്ത് തലത്തില്‍ ഉത്തരവാദിത്തമുളള വളണ്ടിയേഴ്സിനെ നിയമിക്കേണ്ടതും അവര്‍ പ്രകടനങ്ങള്‍ കൃത്യമായി നിയന്ത്രിക്കേണ്ടതുമാണ്. എല്ലാ ആഹ്ലാദ പ്രകടനത്തോടൊപ്പവും രാഷ്ട്രീയ ഉത്തരവാദപ്പെട്ട ഒരു നേതാവെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. ആഹ്ലാദ പ്രകടനത്തില്‍ സ്ഥാനാര്‍ഥി പങ്കെടുക്കുന്നുണ്ടെങ്കില്‍ അതിന്റെ വിവരം രാഷ്ട്രീയ പാര്‍ട്ടികള്‍ കൗണ്ടിംഗ് ദിവസം 12 മണിക്ക് മുമ്പായി പോലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതാണ്. ലോക് സഭാ മണ്ഡലത്തില്‍ വിജയിക്കുന്ന മുന്നണിയുടെ ആഹ്ലാദ പ്രകടനം നാലിനും കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന മുന്നണിയുടെ പ്രകടനം അടുത്ത ദിവസവും നടക്കും. ഡി ജെ സെറ്റ് ഉപയോഗിച്ചുള്ള ആഹ്ലാദ പ്രകടനം പാടില്ല.