കൊയിലാണ്ടി: കിണറ്റില്‍ വീണ വയോധികയെ കൊയിലാണ്ടി അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. ആള്‍മറയില്ലാത്ത കിണറിന് 70 അടി താഴ്ച, രണ്ട് തട്ട് കിണര്‍, ഒരു മീറ്ററോളം വെള്ളം. ഇതിലേക്കു വീണ 86 കാരിക്ക് ഇത് രണ്ടാം ജന്മം
ഇന്ന് രാവിലെ ആറുമണിയോടെ കൂടിയാണ് ഉള്ളിയേരി പഞ്ചായത്തിലെ ഉള്ളൂര്‍ ആമ്പത്ത് മീത്തല്‍ എന്ന ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ ചിരുത വീണത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തുമ്പോള്‍ നാട്ടുകാരനായ ചത്തോത്ത് അനീഷ് കിണറ്റില്‍ ഇറങ്ങി ചിരുതയെ പരിക്കുകള്‍ കൂടാതെ പിടിച്ചു നില്‍ക്കുകയായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ പി.സിജിത്ത് ചെയര്‍നോട്ടിന്റെ സഹായത്തോടു കൂടി കിണറ്റില്‍ ഇറങ്ങി. റെസ്ക്യൂ നെറ്റിന്റെയും സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ സ്ത്രീയെ സുരക്ഷിതമായി കരക്കെത്തിക്കുകയായിരുന്നു. സഹായത്തിന് ഇറങ്ങിയ അനീഷിനെയും സുരക്ഷിതമായി മുകളില്‍ എത്തിച്ചു.
കാര്യമായ പരിക്കേല്‍ക്കാത്ത ചിരുതയെ സേനയുടെ ആംബുലന്‍സില്‍ കൊയിലാണ്ടി ഗവണ്മെന്റ് ഹോസ്പിറ്റലില്‍ എത്തിച്ച് ചികില്‍സ നല്കി. ഗ്രേഡ് എഎസ്ടിഒ. മജീദിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ നിധി പ്രസാദ് ഇഎം, അനൂപ് എന്‍പി, ബബീഷ് പി എം, വിഷ്ണു എസ്, സജിത്ത് പി കെ, ഷാജു, ഹോം ഗാര്‍ഡ് പ്രദീപ്, രാജേഷ് കെ പി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടു.
-സുധീര്‍ കൊരയങ്ങാട്