വടകര: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണവും തുടര്‍ന്നുള്ള പ്രത്യേക സാഹചര്യവും കണക്കിലെടുത്ത് വടകരയില്‍ പോലീസ് മുന്‍കൈ എടുത്ത് സര്‍വകക്ഷി യോഗം ചേര്‍ന്നു. റൂറല്‍ എസ്പി ഓഫീസില്‍ ഉത്തരമേഖല ഡിഐജി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ നാട്ടില്‍ സമാധാനം ഉറപ്പാക്കുന്നതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. പ്രചരണവേളയിലുണ്ടായ അനഭിലഷണീയമായ കാര്യങ്ങളില്‍ ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് മുന്‍കൈ എടുത്ത് സര്‍വകക്ഷി യോഗം വിളിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷവും സമാധാന അന്തരീക്ഷം തുടരുമെന്നു രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഉറപ്പ് നല്കി.
ഫലം വരുന്ന ജൂണ്‍ നാലിന് വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ വിജയികള്‍ക്ക് മാത്രമാണ് ആഘോഷ പരിപാടികള്‍ നടത്താന്‍ അനുമതി. വൈകുന്നേരം ഏഴു മണി വരെ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാം. അതേസമയം വാഹന ഘോഷയാത്രകള്‍ അനുവദിക്കില്ല. ദേശീയതലത്തില്‍ വിജയിക്കുന്ന മുന്നണിക്ക് അഞ്ചാം തിയതി ഏഴു മണിവരെ ആഹ്ലാദ പരിപാടികള്‍ നടത്താം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ ബാനറുകളും പോസ്റ്ററുകളും നീക്കാനും നടപടിയെടുക്കും. അതേസമയം വ്യാജ കാഫിര്‍ പ്രയോഗത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ യുഡിഎഫ് നേതാക്കള്‍ പ്രതിഷേധമറിയിച്ചതായി നേതാക്കള്‍ അറിയിച്ചു. ഇതിന്റെ ഉറവിടത്തെ കുറിച്ച് സൂചന കിട്ടിയതായി ഡിഐജി പറഞ്ഞതായി യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. നിലവിലെ പരാതികളില്‍ പോലീസ് അന്വേഷണം വൈകുന്നതിലെ അതൃപ്തി യുഡിഎഫ് നേതാക്കള്‍ യോഗത്തിലറിയിച്ചു.