കൊയിലാണ്ടി: ജനപ്രിയ വാദ്യകലയായ തായമ്പകയിലെ കൗമാര താരങ്ങളുടെ സംസ്ഥാനതല മത്സരത്തിന് കൊയിലാണ്ടിയില്‍ വേദിയൊരുങ്ങുന്നു. ഏപ്രില്‍ 7ന് കുറുവങ്ങാട് നരിക്കുനി എടമന വേട്ടയ്ക്കൊരു മകന് ക്ഷേത്രത്തിലാണ് തായമ്പകോത്സവമെന്ന് സംഘാടകരായ ശ്രീരുദ്ര ഫൗണ്ടേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള വരാണ് മത്സരാര്‍ത്ഥികള്‍. സ്കൂള്‍ യുവജനോത്സവ വേദികളിലും ക്ഷേത്രോത്സവങ്ങളിലും യൂട്യൂബിലുമൊക്കെ തായമ്പക കൊട്ടി മിന്നിത്തിളങ്ങുന്നവരും പ്രമുഖ വാദ്യകലാ
ഗുരുക്കമാരുടെ ശിഷ്യന്മാരുമാണ് മത്സരിക്കുന്നവര്‍. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ശ്രീരുദ്ര ഫൗണ്ടേഷന് സ്വര്‍ണ മെഡലുകള്‍ സമ്മാനിക്കും. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന് കുട്ടി മാരാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമാണ് തായമ്പകോത്സവം അരങ്ങേറുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. പ്രാഥമിക മത്സരത്തില്‍ വിജയികളായ 17 പേരാണ് തായമ്പകോത്സവത്തില്‍ പങ്കെടുക്കുന്നത്. സ്കൂള്‍ യുവജനോത്സവത്തിന് പുറമെ ഇപ്പോള്‍ തായമ്പകയ്ക്കായുള്ള കേരളത്തിലെ ഏക മത്സരവേദിയാണ് കൊയിലാണ്ടിയിലെ തായമ്പകോത്സവം. വാദ്യകലാരംഗത്തെ പ്രമുഖരുടെയും ആസ്വദകരുടെയും ഒരൊത്തുചേരലായി തായമ്പകോത്സവം മാറും.പ്രമുഖ ചരിത്രകാരന് ഡോ. എം.ആര്. രാഘവ വാര്യര്‍ രാവിലെ എട്ടിന് തായമ്പകോത്സവം ഉദ്ഘാടനം ചെയ്യും. കെ.പി.പുരുഷോത്തമന്
നമ്പൂതിരി അധ്യക്ഷനാകും. പ്രമുഖ വാദ്യകലാകാരന് കലാമണ്ഡലം ശിവദാസ് മാരാര്‍ അനുഗ്രഹഭാഷണം നടത്തും. 20 മിനിട്ടാണ് മത്സരസമയം. വൈകീട്ട് 6.30ന് മത്സരം അവസാനിക്കും. തായമ്പക കലയില്‍ ആധികാരികതയുള്ള വിദഗ്ധര്‍ വിധി നിര്‍ണയിക്കും. തായമ്പകയിലെ വ്യത്യസ്ഥ ശൈലികളുടെയും പുതു പ്രവണതകളുടെയും മാറ്റുരയ്ക്കലായി തായമ്പകോത്സവത്തിലെ പ്രകടനങ്ങള്‍ മാറും. വൈകീട്ട് 7 മണിയ്ക്ക് നടക്കുന്ന സമാപന സമ്മേളനം പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്യും. ശ്രീരുദ്ര ഫൗണ്ടേഷന് ചെയര്മാന് എന്‍.ഇ. മോഹനന് നമ്പൂതിരി അധ്യക്ഷത വഹിക്കും. കല്‍പ്പറ്റ നാരായണന്,
പ്രശസ്ത നടന് സന്തോഷ് കീഴാറ്റൂര്‍ എന്നിവര്‍ മുഖ്യതിഥികളാവും. പ്രമുഖ കലാനിരൂപകന് ഡോ. എന്‍.പി. വിജയകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. കൊയിലാണ്ടി നഗരസഭ ചെയര്‍ പേര്‍സണ്‍ സുധ കിഴക്കേപ്പാട്ട്, ബഹ്റൈന്‍ വാദ്യകലാസംഘം ഡയരക്ടര്‍ സന്തോഷ് കൈലാസ് എന്നിവര്‍ അനുമോദന പ്രഭാഷണം നടത്തും. സാരംഗ സ്മൃതി – ഫോട്ടോ പ്രദര്‍ശനം. മണ്മറഞ്ഞ വിഖ്യാത തായമ്പക പ്രതിഭകളുടെ ഫോട്ടോ പ്രദര്‍ശനം തായമ്പകോത്സവത്തില്‍ നടക്കും. തായമ്പകയ്ക്കും മേളത്തിനും ശൈലിയും മാര്‍ഗദര്‍ശനവും നല്കി ജനപ്രിയമാക്കുന്നതില്‍ മുന്‍നിരയില്‍ നിന്ന മലമക്കാവ് കേശവപ്പൊതുവാള്‍ മുതല്‍ 30 വാദ്യകാരന്മാരുടെ ഓര്മ്മകള്ക്കുമുന്നിലുള്ള തായമ്പകോത്സവത്തിന്റെ പ്രണാമമാണ് ഈ പ്രദര്‍ശനം. വാര്‍ത്താസമ്മേളനത്തില്‍ എന്‍. ഇ. ഹരികുമാര്‍, കെ.പി. ജയദേവ്, ഇ.കെ. പ്രജേഷ്, സുനില്‍ ചേലാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.