കൊച്ചി: മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് പിടിയില്‍. കോല്‍ക്കത്ത സ്വദേശിയായ സുരഭി ഖത്തൂണ്‍ ആണ് കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ പിടിയിലായത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. മസ്കത്തില്‍നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 714 വിമാനത്തിലാണ് സുരഭി കണ്ണൂരില്‍ എത്തിയത്. 960 ഗ്രാം സ്വര്‍ണമാണ് പരിശോധനയില്‍ ഇവരുടെ പക്കല്‍നിന്ന് പിടിച്ചെടുത്തത്.
പ്രാഥമിക ചോദ്യംചെയ്യലിനുശേഷം ഇവരെ മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സുരഭിയെ കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റി. സുരഭി നേരത്തെയും സ്വർണ്ണം കടത്തിയിട്ടുണ്ടെന്നും സ്വർണ്ണ കടത്ത് സംഘങ്ങളുമായി ഇവർക്കുള്ള ബന്ധം അന്വേഷിക്കുകയാണെന്നും ഡിആർഐ കൂട്ടിച്ചേർത്തു.