കൊയിലാണ്ടി: കൗമാരവാദ്യപ്രതിഭകള് സൃഷ്ടിച്ച തായമ്പകയുടെ മനോഹാരിതയില്‍ ആസ്വാദകരുടെ മനം നിറഞ്ഞു. ശ്രീരുദ്ര ഫൗണ്ടേഷന് കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച അഖില കേരള തായമ്പക മത്സരമാണ് അപൂര്‍വ്വമായ വാദ്യാനുഭവത്തിന്റെ വേദിയായത്. ജനപ്രിയ വാദ്യകലയായ തായമ്പകയിലെ കൊച്ചു മിടുക്കരുടെ സംസ്ഥാനതല മത്സരത്തിന്റെ അരങ്ങായത് കുറുവങ്ങാട്ടെ നരിക്കുനി എടമന ക്ഷേത്രമാണ്.
വിവിധ ജില്ലകളില്‍ നിന്നെത്തിയ മത്സരാര്‍ഥികള്‍ കൊട്ടിക്കയറി ഗംഭീര പ്രകടനം കാഴ്ചവെച്ചത് കാണികള്‍ക്ക് ഹരം പകര്‍ന്നു. പാലക്കാട് മഞ്ഞപ്പാറ അദ്വൈത്.ജി.വാര്യര്‍ ശ്രീരുദ്ര ഫൗണ്ടേഷന് സ്വര്‍ണ മെഡല്‍ ജേതാവായി. മട്ടന്നൂര്‍ സ്വദേശികളായ ഗൗരീശങ്കര്‍ രണ്ടാം സ്ഥാനവും ഗിരിശങ്കര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
രാവിലെ പ്രമുഖ ചരിത്രകാരന് ഡോ. എം.ആര്.രാഘവവാര്യര് തായമ്പക മത്സരം ഉദ്ഘാടനം ചെയ്തു. കെ.പി.പുരുഷോത്തമന് നമ്പൂതിരി അധ്യക്ഷനായിരുന്നു. കലാമണ്ഡലം ശിവദാസ് മാരാര്‍, എ.വാസുദേവശര്‍മ്മ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രാഥമിക സെലക്ഷനില്‍ തെരഞ്ഞെടുക്കപ്പെട്ട 17 മത്സരാര്‍ഥികള്‍ തായമ്പക അവതരിപ്പിച്ചു. വിധികര്‍ത്താക്കളായ കലാനിലയം ഉദയന്‍ നമ്പൂതിരി, കല്ലൂര്‍ ഉണ്ണികൃഷണന്, കലാനിലയം സതീശന് മാരാര്‍ എന്നിവര്‍ നടത്തിയ തായമ്പക ഡമോണ്‍സ്ട്രേഷന്‍ ശ്രദ്ധേയമായി.
സമാപന സമ്മേളനം പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ താളവാദ്യ വിശേഷമായ തായമ്പകയുടെ ഭാവി യുവതലമുറയുടെ കൈകളില്‍ ശോഭനമാണെന്ന് തായമ്പകോത്സവത്തിലെ മത്സരാര്‍ഥികള്‍ തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.
ശ്രീരുദ്ര ഫൗണ്ടേഷന് ചെയര്മാന് എന്‍.ഇ.മോഹനന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രശസ്ത നടന് സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയായി. കൊയിലാണ്ടി നഗരസഭാ ചെയര്‍ പേര്‍സണ്‍ സുധ കിഴക്കേപ്പാട്ട് അനുമോദനഭാഷണം നിര്‍വഹിച്ചു.
പ്രമുഖ കലാനിരൂപകന് എന്‍.പി.വിജയകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ ബിന്ദു.പി.ബി, രാജു, എന്‍.ഇ.ഹരികുമാര്‍, പ്രജേഷ്.ഇ.കെ എന്നിവര്‍ സംസാരിച്ചു.
വാദ്യകലാരംഗത്തെ നിരവധി പ്രമുഖരുടെയും വിദ്യാര്‍ഥികളുടെയും ആസ്വാദകരടെയും ഒത്തുചേരല്‍ വേദികൂടിയായി തായമ്പകോത്സവം മാറി.
-സുധീര്‍ കൊരയങ്ങാട്