മാഹി: പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് പി.സി.ജോര്‍ജിനെതിരെ മാഹി പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും മാഹിയെക്കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിനുമാണ് കേസ്.
മാഹി വേശ്യകളുടെയും ഗുണ്ടകളുടെയും തെമ്മാടികളുടെയും കേന്ദ്രമായിരുന്നുവെന്നാണ് ബിജെപി നേതാവ് പറഞ്ഞത്. കോഴിക്കോട് മണ്ഡലം ബിജെപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് മാഹിയിലെ സ്ത്രീകളെ വേശ്യകളായും നാട്ടുകാരെ ഗുണ്ടകളും തെമ്മാടികളുമായും പി.സി.ജോര്‍ജ് അധിക്ഷേപിച്ചത്. ‘കോഴിക്കോട്-കണ്ണൂര്‍ റോഡിലെ മയ്യഴി 14 വര്‍ഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു. റോഡിലൂടെ പോകാന്‍ കഴിയുമോ. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമായിരുന്നു അത്. ഇപ്പോള്‍ സുന്ദരമായ റോഡാക്കി മോദി മാറ്റി – ഇതായിരുന്നു പരാമര്‍ശം. പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശത്തിനെതിരെ രാഷ്ടീയഭേദമില്ലാത്ത വന്‍പ്രതിഷേധമാണ് മാഹിയിലുയരുന്നത്.
സിപിഎം മാഹി ലോക്കല്‍ സെക്രട്ടറി കെ പി സുനില്‍കുമാറിന്റെ പരാതിയിലാണിത്. മാഹിയിലെ സ്ത്രീത്വത്തെ അപമാനിക്കുകയും സമൂഹത്തെയാകെ ഗുണ്ടകളും അക്രമികളുമായി ചിത്രീകരിക്കുകയുമാണ് ജോര്‍ജ് ചെയ്തതെന്ന് പരാതിയില്‍ പറഞ്ഞു.
പി.സി.ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാഹി എംഎല്‍എ
മാഹി: മഹത്തായ സാംസ്കാരിക പൈതൃകമുള്ളതും വികസന വഴിയില്‍ ഏറെ മുന്നില്‍ നില്ക്കുന്നതുമായ മയ്യഴിയെ അപമാനിച്ച് ബിജെപി നേതാവ് പി.സി.ജോര്‍ജ് കോഴിക്കോട് നടത്തിയ പ്രസംഗം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മാഹി എംഎല്‍എ രമേശ് പറമ്പത്ത് പറഞ്ഞു.
നാവില്‍ വരുന്നതെന്തും പുലമ്പുന്ന പി.സി.ജോര്‍ജ് മയ്യഴിയിലെ സ്ത്രീ സമൂഹത്തെയും ജനങ്ങളെയാകെയും അപമാനിച്ചിരിക്കയാണ്. ഈ കാര്യത്തില്‍ ദേശീയ വനിതാ കമ്മീഷന് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ അടിയന്തിരമായി ഇടപെടണമെന്ന് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്ന ഇദ്ദേഹത്തെ പോലുള്ളവരെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ ഇലക്ഷന് കമ്മീഷന് നടപടി സ്വീകരിക്കണം.
സ്വാതന്ത്ര്യ സമരത്തിലടക്കം പങ്കെടുത്തവരും കലാ-സാംസ്കാരിക-സാഹിത്യ രംഗത്ത് ചിരപ്രതിഷ്ഠ നേടിയവരുമായ വനിതകള്‍ മയ്യഴിയിലുണ്ടെന്നും ഫ്രഞ്ച് ഭരണകാലത്തു തന്നെ വിദ്യാസമ്പന്നരായിരുന്നു മയ്യഴിയിലെ സ്ത്രീകളടക്കമുള്ളവരെന്നും ചരിത്രത്തില്‍ കണ്ണോടിച്ചാല്‍ മാത്രം വായിക്കാന്‍ പി.സി.ജോര്‍ജിന് കഴിയേണ്ടതാണ്. സ്ത്രീത്വത്തെ അപമാനിച്ചതിനും നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ നിയമ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് എംഎല്‍എ പറഞ്ഞു. ബ്ലോക്ക് ഭാരവാഹികളായ കെ.മോഹനന്, നളിനി ചാത്തു, പി.പി.വിനോദ്, പി .ടി.സി.ശോഭ, ആശാലത, കെ.പി.രജിലേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.