അഴിയൂര്‍: ചോമ്പാല്‍ മിനി സ്റ്റേഡിയത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടികളാവുന്നു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് ആദ്യ ഘട്ട വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്. പിന്നീട് സംസ്ഥാന സ്പോര്‍ട്സ് വകുപ്പിന്റെയും മറ്റും സഹകരണത്തോടെ ഘട്ടം ഘട്ടമായി സ്റ്റേഡിയം നവീകരിക്കും.
ആദ്യ ഘട്ടത്തില്‍ ചുറ്റുമതില്‍ കെട്ടി സ്റ്റേഡിയത്തീനുള്ളില് ലൈറ്റുകള്‍, നെറ്റുകള്‍, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ സിസിടിവി എന്നിവ സ്ഥാപിക്കും. രണ്ടാം ഘട്ടത്തില്‍ സ്റ്റേഡിയം ലെവലിംഗ്, ഫുട്ബോള്‍, വോളിബോള്‍, ഷട്ടില്‍ കോര്‍ട്ടുകള്‍ എന്നിവ ഒരുക്കും. നിലവില്‍ കെ കെ രമ എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ച് ഓപ്പണ്‍ ജിം നിര്‍മാണം തുടങ്ങിയിട്ടുണ്ട്.
നിര്‍മാണം ഏകോപിക്കാന്‍ പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ജനപ്രതിനിധികള്‍, സാമൂഹ്യ രാഷ്ട്രീയ സ്പോര്‍ട്സ് ക്ലബ്ബുകള്‍ എന്നിവരടങ്ങിയ യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.പ്രമോദ്, കവിത അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം നിഷ പറമ്പത്ത്, എം.പി.ബാബു, എ.ടി.ശ്രീധരന്, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, യു.എ.റഹീം, പി കെ കോയ, സുജിത്ത് പുതിയോട്ടില്‍, വി കെ അനില്‍കുമാര്‍, ടി ടി പദ്മനാഭന്, വി പി.അനില്‍കുമാര്‍, മുബാസ് കല്ലേരി എന്നിവര്‍ സംസാരിച്ചു.