വടകര: അപ്പോളോ ഗോള്‍ഡ് നിക്ഷേപകരുടെ പണം തിരികെ കിട്ടുന്നതിന് സമരസമിതിയുടെ നേതൃത്വത്തില്‍ നാളെ (തിങ്കള്‍) നടത്താന്‍ നിശ്ചയിച്ച മാര്‍ച്ച് താല്‍ക്കാലികമായി മാറ്റിവെച്ചതായി ആക്ഷന്‍ കമ്മിറ്റി ചെയര്മാന് കെ.എന്‍.എ.അമീര്‍, കണ്‍വീനര്‍മാരായ സി.കെ.ഫിര്‍ദൗസ്, അല്‍ത്താഫ് മര്‍വ, ഖജാന്‍ജി കുന്നോത്ത് മൊയ്തു ഹാജി എന്നിവര്‍ അറിയിച്ചു.
സ്ഥാപനത്തിന്റെ അക്കൗണ്ടന്റ് ഇന്‍-ചാര്‍ജ് കീഴല്‍ സ്വദേശി സാബിത്തിന്റെ വീട്ടിലേക്ക് നടത്താനിരുന്ന മാര്‍ച്ച് വടകര പോലീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി മാറ്റിവെച്ചത്. വടകര സിഐ ടി.പി.സുമേഷ്, സാബിത്തിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി സമരസമിതി അംഗങ്ങളുമായി അനുരഞ്ജന ചര്‍ച്ച നടത്തകുയുണ്ടായി. ഇതേതുടര്‍ന്ന് നിക്ഷേപകര്‍ക്ക് സംഖ്യ ഉടന്‍ തിരിച്ചുനല്‍കുന്നതിന് ഉടമകളുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും ചെയ്യാമെന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ സാബിത്ത് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് പോലീസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് നാളത്തെ മാര്‍ച്ച് മാറ്റിവെച്ചതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.