നാദാപുരം: പീടിക മുറികളില്‍ അനധികൃതമായി ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുകയും മാലിന്യം കിണറുകളിലും പരിസരത്തും അലക്ഷ്യമായി തള്ളുകയും ചെയ്ത സംഭവത്തില്‍ കക്കം വെള്ളിയിലെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരെ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒഴിപ്പിക്കാന്‍ നാദാപുരം ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗം ഉത്തരവ് നല്കി. 12 മുറികളിലായി 60 ഓളം തൊഴിലാളികളെയാണ് അനധികൃതമായി താമസിപ്പിച്ചിരിക്കുന്നത്. പരിസരവാസികളുടെ പരാതിയെ തുടര്‍ന്ന് പ്രശ്നപരിഹാരത്തിന് കെട്ടിട ഉടമക്ക് നല്കിയ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് നിയമ നടപടി ആരംഭിച്ചത്. എലിപ്പനി, വെസ്റ്റ്നൈല്‍ ഫീവര്‍ പോലുള്ള രോഗങ്ങള്‍ക്കു സാധ്യതയുള്ള തരത്തിലാണ് നിയമലംഘനമെന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് സമീപത്തെ കിണര്‍ നിറഞ്ഞിരിക്കുകയാണ്.
അറപ്പുളവാക്കുന്ന തരത്തില്‍ മാലിന്യവും ദുര്‍ഗന്ധവും സൃഷ്ടിച്ചതിന് കക്കം വെള്ളിയിലെ നാദാപുരം ചിക്കന്‍ സ്റ്റാള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതുവരെ അടച്ചിടാന്‍ നിര്‍ദ്ദേശം നല്കി. താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന് കല്ലേരി, ജെഎച്ച്ഐ ബാബു. കെ, പ്രസാദ്. സി. എന്നിവര്‍ പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു.
മഞ്ഞപ്പിത്തം പോലുള്ള ജലജന്യ രോഗങ്ങള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കേരള പൊതുജനാരോഗ്യ നിയമം 2023 ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ടുമായ ഡോ. നവ്യ.ജെ. തൈക്കണ്ടിയില്‍ അറിയിച്ചു.