കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ ജര്‍മനിയില്‍ എത്തിയെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. രാഹുലിന്റെ സുഹൃത്ത് രാജേഷാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്. നവവധുവിനെ മര്‍ദിച്ച സമയത്ത് പന്തീരങ്കാവിലെ വീട്ടില്‍ ഉണ്ടായിരുന്ന സുഹൃത്താണ് രാജേഷ്. ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
രാജേഷിന്റെ ഉള്‍പ്പെടെ വാട്സാപ്പ് ചാറ്റുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. രാഹുലിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യും. ഇതിനായി ഇവരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ വിദേശത്തേക്ക് കടന്നെന്ന് വ്യക്തമായതോടെ ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കും. രാഹുല്‍ പി ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് നേരത്തേ മരവിപ്പിച്ചിരുന്നു. ഇയാളുടെ വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങിയെന്നാണ് വിവരം. പന്തീരങ്കാവ് പോലീസ് ഗാര്‍ഹിക പീഡന കേസ് രജിസ്റ്റര്‍ ചെയ്ത ദിവസം രാഹുല്‍ വീട്ടിലുണ്ടായിരുന്നു. വധശ്രമത്തിന് കേസെടുക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഒളിവില്‍ പോയത്. കര്‍ണാടകയില്‍ വെച്ച് രാഹുലിന്റെ ഫോണ്‍ ഓണായിരുന്നു. വീണ്ടും സ്വിച്ച് ഓഫായി. ഇവിടെ നിന്ന് സിംഗപ്പൂരിലേക്ക് പോയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാള്‍ക്ക് ജര്‍മനിയില്‍ ജോലി ഉണ്ടെന്ന് പറഞ്ഞത് നേരാണോ എന്നതിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ അമ്മ ഉഷയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഫറോക്ക് എസിപി സാജു പി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നേരത്തെ പരാതിക്കാരിയായ യുവതിയുടെ വടക്കന്‍ പറവൂരിലെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചെന്നും കൂടെ ഇയാളുടെ അമ്മയും സുഹൃത്തുമുണ്ടായിരുന്നുവെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇതുപ്രകാരമാണ് ഉഷയെ ചോദ്യം ചെയ്യുന്നത്.
മാത്രമല്ല നേരത്തെ കോട്ടയം സ്വദേശിനിയെ രാഹുല്‍ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നതായി ഉഷ സ്ഥിരീകരിച്ചിരുന്നു. വിവാഹം ഉറപ്പിക്കുക മാത്രമാണുണ്ടായതെന്നായിരുന്നു ആദ്യം ഇവര്‍ പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞയുടന്‍ ജര്‍മനിയിലേക്ക് കൊണ്ടുപോവാനാണ് താലികെട്ടുന്നതിന് മുമ്പുതന്നെ രജിസ്റ്റര്‍ ചെയ്തതെന്നും മതപരമായ ചടങ്ങുകള്‍ നടത്താന്‍ നിശ്ചയിച്ച തീയതിക്ക് ഒരു മാസം മുമ്പ് പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്മാറിയെന്നുമാണ് ഇവര്‍ ഇപ്പോള്‍ പറയുന്നത്. ഇക്കാര്യത്തിലും വ്യക്തത വരുത്താനുണ്ട്. ഈ മാസം അഞ്ചിന് ഗുരുവായൂരില്‍ വെച്ചായിരുന്നു രാഹുലിന്റെയും പരാതിക്കാരിയുടെയും വിവാഹം.