വടകര: നടപടിക്രമങ്ങളിലെ പിഴവു മൂലം കഞ്ചാവുകേസ് പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. തൃശൂര്‍ കൊടകര സ്വദേശി കറുത്തേടത്ത് ദിനേശനെയാണ് (46) വടകര നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി വി.പി.എം.സുരേഷ് ബാബു വെറുതെ വിട്ടത്. 2018 ജൂലൈ 27 ന് വൈകിട്ട് വടകര പുതിയ ബസ് സ്റ്റാന്റിനു സമീപത്തെ ശ്രീമണി ബാറിനടുത്ത് വെച്ച് ദിനേശനെ ഒരു കിലോ 200 ഗ്രാം കഞ്ചാവ് സഹിതം വടകര സബ് ഇന്‍സ്പെക്ടരും സംഘവും പിടികൂടി എന്നാണ് കേസ്. എന്‍ഡിപിഎസ് ആക്ട് പ്രകാരമുള്ള കേസ് പിടികൂടുമ്പോള്‍ വേണ്ട നടപടിക്രമങ്ങള്‍ പോലീസ് പാലിച്ചില്ല. അന്വേഷണത്തിലും പാളിച്ച സംഭവിച്ചു. ഈക്കാരണങ്ങളാല്‍ പ്രതിയെ കുറ്റക്കാരനായി സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിധിയില്‍ പറയുന്നു. കേസില്‍ ഡിവൈഎസ്പി അടക്കം എട്ട് സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ മാര്‍ക്ക് ചെയ്യുകയും ചെയ്തു. പ്രതിക്കു വേണ്ടി അഡ്വ.പി.പി.സുനില്‍ കുമാര്‍ ഹാജരായി.