വടകര: ആയഞ്ചേരി പഞ്ചായത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നേതാക്കളടക്കം അമ്പതോളം പേര് പാര്‍ട്ടിവിടുന്നു. കെപിസിസി പ്രസിഡന്റ് ഉള്‍പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും കഴിഞ്ഞ മൂന്നര വര്‍ഷമായി പ്രശ്നത്തിന് പരിഹാരം കാണാന്‍ നേതൃത്വം നടപടി സ്വീകരിച്ചില്ലെന്ന് ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2020 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിമത സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച് യുഡിഎഫിന്റെ സീറ്റ് നഷ്ടപ്പെടുത്തിയ സംഭവം ഉണ്ടായിരുന്നു. ഇതില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിക്കൊപ്പം നിന്ന തങ്ങളെ പിന്നീട് നടന്ന പാര്‍ട്ടി പുനഃസംഘടനയില്‍ ഭാരവാഹിത്വം നല്‍കാതെയും പാര്‍ട്ടി കാര്യങ്ങള്‍ അറിയിക്കാതെയും മാറ്റി നിര്ത്തുകയാണുണ്ടായതെന്ന് ഇവര്‍ കുറ്റപ്പെടുത്തി. അതേസമയം ഔദ്യോഗിക സ്ഥാനാര്‍ഥിയായ തേറത്ത് കുഞ്ഞികൃഷ്ണന് നമ്പ്യാര്‍ക്കെതിരെ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിമതനായി മത്സരിച്ചയാളെ ഡിസിസി പ്രസിഡന്റ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയെങ്കിലും നാല്പത്തി ഒന്നാം ദിവസം തിരിച്ചെടുക്കുകയാണുണ്ടായത്. ഇതില്‍ അമര്‍ഷം പ്രകടിപ്പിച്ച തങ്ങളെ പിന്നീട് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പു വേളയിലും മാറ്റി നിര്‍ത്തുകയാണുണ്ടായത്. ഇതു സംബന്ധിച്ച് ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ക്കെല്ലാം പരാതി കൊടുത്തിട്ടും നടപടിയില്ല. ഇപ്പോള്‍ ആയഞ്ചേരിയിലെ കോണ്‍ഗ്രസ് നേതൃത്വം ബിജെപിയുടെ ബി ടീം എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി വിടുകയാണെന്നും അടുത്ത ദിവസം നടക്കുന്ന പ്രവര്‍ത്തക കണ്വെന്ഷന് തുടര്‍ നടപടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഇവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ആയഞ്ചേരി മണ്ഡലം മുന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ടി ശ്രീധരന്, ഐഎന്‍ടിയുസി മുന്‍ മണ്ഡലം പ്രസിഡന്റ് ഇ. രാജീവന്, പി.കെ.രാജന്, അരയാക്കൂല്‍ രവീന്ദ്രന്, മഠത്തില്‍ പോക്കര് എന്നിവര്‍ പങ്കെടുത്തു.