കൊയിലാണ്ടി: സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിനെ പോലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. കൊയിലാണ്ടി മജിസ്ട്രേറ്റിന് മുമ്പാകെ മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ സമര്‍പിക്കാനാണ് സാധ്യത. പ്രതിയായ അഭിലാഷിനെ കോടതി ഇന്നലെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
സത്യനാഥിന്റെ കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ കൂടുതല്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തും. കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തു നിന്ന് അന്വേഷണ സംഘം ഇന്നലെ കണ്ടെത്തിയിരുന്നു.
വ്യാഴാഴ്ച രാത്രി പെരുവട്ടൂര്‍ ചെറിയപ്പുറം ക്ഷേത്ര ഉത്സവത്തിനിടെ വ്യക്തി വൈരാഗ്യം കാരണം അഭിലാഷ് സത്യനാഥിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ചെറിയപ്പുറം ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.