കോഴിക്കോട്: ഒരു വശത്ത് സാധാരണ തൊഴില്‍ ചെയ്യാന്‍ തൊഴിലാളികളെ കിട്ടാത്ത സ്ഥിതിയാണെങ്കില്‍ മറുവശത്ത് തൊഴില്‍ ഇല്ലാത്ത അവസ്ഥ. ഇത് രണ്ടിനുമിടയില്‍ പാലം പണിത് പ്രശ്നപരിഹാരം കാണുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാഭിമാന്‍ സൊസൈറ്റി.
തൊഴില്‍ ബാങ്ക് പോലെ പ്രവര്‍ത്തിച്ച് തൊഴിലാളികളെ സപ്ലൈ ചെയ്യുക മാത്രമല്ല അവര്‍ക്കും
കുടുംബത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി ഉറപ്പാക്കുന്നു ഈ പദ്ധതി. 2010 ല്‍ ജില്ലയില്‍ തുടങ്ങിയ പദ്ധതിയിലെ തൊഴിലാളികളുടെ പ്രായപരിധി 18 മുതല്‍ 65 വരെയാണ്. നിലവില്‍ 150 ഓളം തൊഴിലാളികളുണ്ട് സ്വാഭിമാനില്‍. ഇതില്‍ അഞ്ച് പേര് സ്ത്രീകളാണ്.
പ്ലംബിംഗ്, ഇലക്ട്രീഷ്യന്, എസി മെക്കാനിക്, പറമ്പ് കിളക്കല്‍, ഹൗസ് കീപ്പിംഗ്, തെങ്ങ് കയറ്റം, പ്രസവശുശ്രൂഷ തുടങ്ങി 26ല്‍ പരം ജോലികള്‍ക്കാണ് തൊഴിലാളികളെ ലഭ്യമാക്കുന്നത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയില്‍ എല്ലായിടത്തും ഇവരെ ലഭിക്കും.
വീട്ടുജോലി ചെയ്യുന്നൊരാള്‍ക്ക് മണിക്കൂറില്‍ 125 മുതല്‍ 150 വരെയാണ് വേതനം. തെങ്ങുകയറ്റ തൊഴിലാളിക്ക് ഒരു തെങ്ങിന് 60 മുതല്‍ 70 രൂപ വരെ. പറമ്പിലെ പണിയ്ക്ക് ഒരു ദിവസം പരമാവധി 1000 രൂപ വരെ. തൊഴിലാളിക്ക് അപകട ഇന്‍ഷൂറന്‍സ് കൂടി ഉറപ്പുവരുത്തുന്നു സ്വാഭിമാന്‍. തൊഴില്‍ ചെയ്യുന്നതിനിടെയുണ്ടാവുന്ന അപകടങ്ങള്‍ക്ക് 1923 ലെ വര്‍ക്ക് മെന്‍സ് കോംപന്‍സേഷന്‍ നിയമപ്രകാരമുള്ള 11 ലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമെ, അപകടകരമായ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു ദിവസത്തെ തൊഴിലിന് 25 രൂപ നിരക്കില്‍ പണി എടുപ്പിക്കുന്ന ആള് നല്‍കണം. ഇത്തരത്തില്‍ തൊഴിലാളി കുടുംബങ്ങളുടെ സാമ്പത്തിക, സാമൂഹ്യ ശാക്തീകരണത്തിനും സ്വാഭിമാന്‍ പദ്ധതി വഴിവെക്കുന്നു. അതേസമയം, ഈ ഇന്‍ഷുറന്‍സ് പരിരക്ഷ പണി ചെയ്യിപ്പിക്കുന്ന ആള്‍ക്കും സഹായകമാണ്. പണി ചെയ്യവേ തൊഴിലാളിക്ക് അപകടം പിണഞ്ഞാല്‍ പണി എടുപ്പിക്കുന്ന ആള്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷയെക്കുറിച്ചോര്ത്ത് വേവലാതിപ്പെടേണ്ടതില്ല.
തൊഴിലിടത്തില്‍ വീണു പരിക്കേല്‍ക്കുന്ന തൊഴിലാളിക്ക് 5000 രൂപ വീതം 100 ആഴ്ചത്തേക്ക് നല്‍കും. തൊഴിലിലൂടെ മെച്ചപ്പെട്ട വേതനത്തിനും ഇന്‍ഷുറന്‍സ് സുരക്ഷയ്ക്കും പുറമെ തൊഴില്‍ദാതാവ് എന്ന നിലയിലുള്ള സുരക്ഷയും മാര്‍ഗനിര്‍ദേശങ്ങളും സ്വാഭിമാന്‍ മുന്നോട്ട് വയ്ക്കുന്നു. സ്ത്രീ തൊഴിലാളികള്‍ക്ക് ഇത് ഏറെ ആശ്വാസരമാണ്.
വേതനത്തിന്റെയും സമയത്തിന്റെയും കാര്യത്തിലും മറ്റും നിയമലംഘനങ്ങള്‍ ഏത്
ഭാഗത്തു നിന്ന് സംഭവിച്ചാലും ഇടപെടലും ഉറപ്പുവരുത്തുന്നു.
സ്വാഭിമാനില്‍ അംഗത്വമെടുക്കുന്ന ഏതൊരാള്‍ക്കും തൊഴില്‍ ഉറപ്പാണ്. കോഴിക്കോട് സിവിലില്‍ പ്രവര്‍ത്തിക്കുന്ന സ്വാഭിമാന്‍ ഓഫീസില്‍ എത്തി നിയമനുസൃത രേഖകള്‍ സഹിതം അപേക്ഷ പൂരിപ്പിച്ചു നല്കിയാല് മതി. തൊഴിലാളികളെ പ്രവൃത്തിയ്ക്ക് വേണ്ടവര്‍ 0495-272666, 8891889720 നമ്പറുകളില്‍ ബന്ധപ്പെടണം.