അഴിയൂര്‍: ദേശീയപാതയില്‍ കശുവണ്ടി വികസന കോര്‍പറേഷന്റെ പഴയ യാര്‍ഡിന്റെ ചുറ്റുമതില്‍ പൊടുന്നനെ ഇടിഞ്ഞുവീണു. വിദ്യാര്‍ഥികളും പരിസരവാസികളും നടന്നുപോകുന്ന വഴിയുടെ സമീപത്തെ കൂറ്റന്‍ മതില് പൊടുന്നനെ തകര്‍ന്നു വീഴുകയായിരുന്നു. ആ സമയം ആരും വഴിയിലൂടെ സഞ്ചരിക്കാതിരുന്നത് കാരണം വന്‍ അപകടമാണ് ഒഴിവായത്.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചുറ്റുമതിലിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് രണ്ടുവര്‍ഷം മുമ്പ് പ്രദേശവാസികള്‍ വാര്‍ഡ് മെമ്പര്‍ സാലിം പുനത്തില്‍ കശുവണ്ടി വികസന കോര്പ്പറേഷന് നിവേദനം നല്‍കിയിരുന്നു. പക്ഷേ യാതൊരു നടപടിയും എടുത്തില്ല. മതിലിന്റെ അടിത്തറ ഭാഗം പലഭാഗങ്ങളിലായി തകര്‍ന്നിട്ടുണ്ട്. ഇതിനിടെയാണ് എട്ടു മീറ്ററോളം നീളത്തില്‍ ചുറ്റുമതില്‍ മുഴുവനായും തകര്‍ന്നു വീണത്. പഞ്ചായത്ത് പ്രസിഡന്റ് ആയിശ ഉമ്മര്‍, വാര്‍ഡ് മെമ്പര്‍ സാലിം പുനത്തില്‍, സെക്രട്ടറി ഷാജി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. കശുവണ്ടി വികസന കോര്പ്പറേഷന് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.