വടകര: കേളു ഏട്ടന് എന്നു പറഞ്ഞാല്‍ മനസില്‍ തെളിയുക സിപിഎം നേതാവ് എം.കെ.കേളു ആണ്. നിസ്വാര്‍ഥനായ പൊതുപ്രവര്‍ത്തകനെന്ന യഥാര്‍ഥ കമ്യൂണിസ്റ്റ്. ഒരു കാലത്ത് വടകരക്കാര്‍ അന്യനാട്ടില്‍ പോയാല്‍, കേളു ഏട്ടന്റെ വീടിന് അടുത്താണോ എന്നായിരിക്കും ചോദ്യം. വടകരയിലെ എല്ലാ രാഷ്ട്രീയക്കാരുടെയും അഭിമാനമായിരുന്നു എം.കെ.കേളുഏട്ടന്‍. 1991ലായിരുന്നു കേളു ഏട്ടന് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ വിയോഗം വല്ലാത്ത നോവായിരുന്നു വടകരക്കാരിലുണ്ടാക്കിയത്.
ഇന്നലെ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ടി.കേളുവിന്റെ വിയോഗം പലരിലും എം.കെ.കേളുവേട്ടനെ സ്മരിക്കാന്‍ ഇടയാക്കി. പേരിലെ സാമ്യമാണ് പ്രധാനമെങ്കിലും അതോടൊപ്പം നല്ല ജനകീയരായിരുന്നു ഇരുവരും എന്നതാണ് മറ്റൊരു സവിശേഷത. എം.കെ.കേളു ഏട്ടന് എന്ന പോരാളി സംസ്ഥാനത്താകെ അറിയപ്പെട്ടു. കോണ്‍ഗ്രസിലെ ടി.കേളു വടകരയിലെ കേളു ഏട്ടനായി. കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റ് പദം ദീര്‍ഘകാലം അലങ്കരിച്ചപ്പോഴും രാഷ്ട്രീയത്തിനതീതമായ ബന്ധങ്ങള്‍ക്ക് വില കല്പിച്ചു. എല്ലാവരോടും സൗമ്യമായി ഇടപെട്ടു. രാഷ്ട്രീയകാര്യങ്ങള്‍ വരുമ്പോള്‍ രാഷ്ട്രീയവും അല്ലാത്തപ്പോള്‍ സൗഹൃദവും. അതായിരുന്നു ടി.കേളുവിന്റെ മുഖമുദ്ര. മുനിസിപ്പല്‍ കൗണ്‍സിലര്‍ ആയിരുന്നപ്പോഴും ഇതായിരുന്നു രീതി. കൗണ്‍സില്‍ യോഗങ്ങളില്‍ പോരാടുന്ന കേളു ഏട്ടനെ കാണാമായിരുന്നു. അതുകഴിഞ്ഞാല്‍ സഖാക്കളോടൊപ്പം കുശലം പറഞ്ഞ് നടന്നുപോകുന്ന കേളുഏട്ടനായിരിക്കും മുന്നില്‍. എന്തേ ഇങ്ങനെ എന്നു ചോദിച്ചാല്‍ എല്ലാം നാടിന് വേണ്ടിയെന്ന് മറുപടി.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായതിനാല്‍ വടകരയിലെ ഏത് പൊതുപരിപാടിയിലും കേളു ഏട്ടന്റെ സൗമ്യ സാന്നിധ്യമുണ്ടാവും. എതിര് രാഷ്ട്രീയക്കാര്‍ക്കും കേളു ഏട്ടന് പ്രിയങ്കരനായിരുന്നു. അത്തരമൊരു കെമിസ്ട്രിയായിരുന്നു കേളു ഏട്ടന്റേത്. അതുതന്നെയായിരുന്നു മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നിലും.
ആദ്യകാലത്ത് കൈത്തറിതൊഴിലിനോടൊപ്പം പൊതു രംഗത്തും നിറഞ്ഞുനിന്നു. സഹകരണ മേഖലയില്‍ സജീവമായി നിലയുറപ്പിക്കുകയുണ്ടായി. കൈത്തറി തൊഴിലാളി യൂണിയന് സംസ്ഥാന സെക്രട്ടറി, കേരള സര്‍ക്കാര്‍ ഹാന്‍ഡ്ലൂം അഡൈ്വസറി ബോര്‍ഡ് മെമ്പര്‍, കടത്തനാട് വീവേഴ്സ് സൊസൈറ്റി ഡയറക്ടര്‍, വടകര സഹകരണ ആയുര്‍വേദ ആശുപത്രി സ്ഥാപക പ്രസിഡന്റ്, വടകര വീവേഴ്സ് കോ-ഓപ് സൊസൈറ്റി ഡയറക്ടര്‍, വടകര കൃഷി വികസന സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വടകര ഓട്ടോ റിക്ഷാ തൊഴിലാളി സഹകരണ സംഘത്തില്‍ നിന്നു വിരമിച്ച ടി.കേളു വടകര അര്‍ബന്‍ സൊസൈറ്റി ഡയറക്ടറായും സേവാദള്‍ വളണ്ടിയറായും ഡിസിസി മെമ്പറായും പ്രവര്‍ത്തിച്ചിരുന്നു.
വിയോഗ വാര്‍ത്ത അറിഞ്ഞ് ഒട്ടേറെ പേരാണ് അടക്കാത്തെരുവിനു സമീപത്തെ വീട്ടില്‍ ആദരാഞ്ജലി അര്‍പിക്കാനെത്തിയത്. ഇന്നു രാവിലെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്കരിച്ചു.