കോഴിക്കോട്: മാരകമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. മലപ്പുറം മുന്നിയൂര്‍ കളിയാട്ടമുക്ക് പടിഞ്ഞാറെ പീടിയേക്കല്‍ ഹസ്സന് കുട്ടിയുടെ മകള്‍ ഫദ്വയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെയാണ് മരണം. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
13നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒന്നിന് കുട്ടി ബന്ധുക്കള്‍ക്കൊപ്പം വീടിനടുത്തുള്ള കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അണുബാധയേറ്റത്. അഴുക്കുനിറഞ്ഞ വെള്ളത്തിലൂടെ അമീബ ശരീരത്തില്‍ പ്രവേശിച്ചാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് പിടിപെട്ടത്. വെന്റിലേറ്ററിലായിരുന്ന കുട്ടി മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. ഇടയ്ക്ക് അപസ്മാരവും ഉണ്ടായി.
ഫദ്വയോടൊപ്പം കുളിച്ചിരുന്ന മറ്റു നാലുകുട്ടികള്‍ നിരീക്ഷണത്തിലുണ്ടായിരുന്നു. ഇവര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചതിനാല്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. ഫസ്നയാണ് ഫദ്വയുടെ ഉമ്മ. സഹോദരങ്ങള്‍: ഫംന, ഫൈഹ. അഞ്ച് വയസുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച സാഹചര്യത്തില്‍ മലപ്പുറം മുന്നിയൂരിലെ പുഴയില്‍ കുളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.