കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന ഗുരുവായൂര്‍ സ്വദേശി ശിവകുമാര്‍ (55), മക്കളായ ശരത് (23), സൗരവ് (15) എന്നിവരാണു മരിച്ചത്.
കാസര്‍കോട്ടുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് കാറുമായി കൂട്ടിയിടിച്ചത്. ബെംഗളൂരുവില്‍നിന്ന് തൃശൂരിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. ഇവര്‍ മൂകാംബിക സന്ദര്‍ശിച്ചു മടങ്ങുംവഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. രണ്ടുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ആംബുലന്‍സ് എതിര്‍വശത്തുകൂടി സഞ്ചരിച്ചതാണ് അപകടകാരണമെന്നു പറയുന്നു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഉള്‍പ്പെടെ മൂന്നുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ദേശീയപാതയില്‍ ഉച്ചയോടെയാണ് അപകടം.