കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പോലീസ്. ഇന്‍സ്റ്റാ പേ എന്ന
ആപ്പിനെതിരെയാണ് ചക്കരക്കല്ല് പോലീസ് സ്വമേധയാ കേസെടുത്തത്. നിതിന്‍ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും എഫ്ഐആറിലുണ്ട്.
ലോണ്‍ ആപ്പില്‍ നിന്ന് അധ്യാപികയായ ലതയ്ക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നു. തുടര്‍ന്ന് നിതിന്‍ രാജിനെ പ്രിന്‍സിപ്പള്‍ ചേംബറില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. തൊട്ടുപിന്നാലെയായിരുന്നു നിതിന്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യയില്‍ ലോണ്‍ ആപ്പിന്
പങ്കുണ്ടെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. നിതിന്റെ ആത്മഹത്യയ്ക്ക് ശേഷം ലത സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു. ഈ പരാതി സൈബര്‍ സെല്ല് ചക്കരക്കല്ല് പോലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു.
15,000 രൂപയാണ് നിതിന്‍ ആപ്പില്‍ നിന്ന് ലോണ്‍ എടുത്തത്. തിരിച്ചടവ് മുടങ്ങിയതിനാല്‍ ആപ്പില്‍ നിന്നു സമ്മര്‍ദമുണ്ടായെന്ന് എഫ്ഐആറില്‍ സൂചിപ്പിക്കുന്നു. അതേസമയം നിതിന്റെ മരണത്തില്‍ ആദ്യം കേസെടുത്ത ഡോ. എം.കെ റാം, സംഗീത എന്നിവര്‍ ഒളിവിലാണ്. ഇരുവരെയും നേരത്തെ തന്നെ കോളജ് സസ്പെന്റ് ചെയ്തിരുന്നു. റാമിനെ കഴിഞ്ഞ ദിവസം മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തു.
















