
നാദാപുരം: ചെക്യാട് പഞ്ചായത്തിലെ പുളിയാവില്‍ മൂന്നുപേര്‍ പുഴയില്‍ മുങ്ങിമരിച്ചു.
കുളിക്കാനിറങ്ങി കയത്തില്‍ അകപ്പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടയിലാണ് ദുരന്തം. പുളിയാവ് അരീക്കുണ്ടില്‍ അന്‍സാര്‍, ഭാര്യ സുഹദ, സഹോദരന്റെ മകളായ ഇസ മറിയം എന്നിവരാണ് മരിച്ചത്. വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. കുട്ടി കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് അന്‍സാറും ഭാര്യയും രക്ഷിക്കുന്നതിന് ഇറങ്ങിയെങ്കിലും ഇവരും മുങ്ങിപ്പോയി. ഓടിയെത്തിയ നാട്ടുകാരാണ്
ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് വിദഗ്ധ സംഘമെത്തിയാണ് ഇവരെ പുഴയില്‍ നിന്നു പുറത്തെടുത്തത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക വിവരം.
മൂന്ന് മൃതദേഹങ്ങളും നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇ.കെ.വിജയന്‍ എംഎല്‍എയും മറ്റ് ജനപ്രതിനിധികളും സ്ഥലത്തെത്തി.
















