
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി. ആരോപണങ്ങളുടെ വസ്തുതയിലേക്ക് തത്കാലം കടക്കുന്നില്ലെന്നും രഞ്ജിത്തിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി. യുവ
നടിയുടെ പരാതിയില്‍ റിമാന്റിലായ രഞ്ജിത്തിന് ഇന്നലെ എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. കോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നു.
ആരോഗ്യസ്ഥിതിയും ചുമത്തിയ കുറ്റങ്ങളില്‍ അഞ്ചുവര്‍ഷത്തില്‍ താഴെയാണ് ശിക്ഷാകാലയളവ് എന്നിവയും ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിക്കുന്നതെന്ന് എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത പരിഗണിച്ച് സംഭവം നടന്ന ഷൂട്ടിങ് സ്ഥലത്തേക്ക് പോകരുത് എന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയായിരുന്നു
ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടുപോകുന്നതും കോടതി തടഞ്ഞിട്ടുണ്ട്. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് രഞ്ജിത്ത് ജയില്‍ മോചിതനായിരുന്നു. താന്‍ ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നാണ് രഞ്ജിത്ത് കോടതിയില്‍ വാദിച്ചത്. 250-ഓളം അണിയറപ്രവര്‍ത്തകരുള്ള സെറ്റാണിത്. അങ്ങനെയൊരിടത്ത് പീഡനം സാധ്യമല്ല. അഭിനയം മോശമായതിനെ തുടര്‍ന്ന് നടിയുടെ ചില സീനുകള്‍ വെട്ടിക്കുറയ്ക്കേണ്ടിവന്നു. ഇക്കാര്യം നടിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നുള്ള വിരോധത്തിലാണ് പരാതി നല്‍കിയത്. സിനിമയിലെ മറ്റ് ആളുകള്‍ തനിക്കെതിരേ ഗൂഢാലോചന നടത്തുന്നുവെന്നും രഞ്ജിത്ത് കോടതിയില്‍ വാദിച്ചു.
















