
വടകര: സംസ്ഥാനതല വിജയികളായ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും ദീര്‍ഘകാല സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപകര്‍ക്ക് ഹൃദ്യമായ യാത്രയയപ്പും ഒരുക്കി മടപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘മടപ്പള്ളി ടോക്ക്’എന്ന പേരില്‍ നടന്ന
പരിപാടി അവിസ്മരണീയമായി.
ഡോ. രാജു നാരായണസ്വാമി പരിപാടി ഉദ്ഘാടനം ചെയ്തു.
അഞ്ചാം ക്ലാസ് മുതല്‍ ബിരുദ ഗവേഷണ വിദ്യാര്‍ഥികള്‍ വരെ പങ്കെടുത്ത സംഗമത്തിനൊപ്പം പി.കെ.രാജന്‍, സി.വി.റീജ, പി.റംല എന്നീ അധ്യാപകരുടെ വിരമിക്കല്‍ ചടങ്ങും നടന്നു. ഈ അധ്യാപകര്‍ക്കുള്ള ആദരവിനൊപ്പം അറിവിന്റെ കൈമാറ്റത്തിനും പരിപാടി വേദിയായി. അഞ്ചാം ക്ലാസ് മുതല്‍ ബിരുദ ഗവേഷണ വിദ്യാര്‍ഥികള്‍ വരെ പങ്കെടുത്ത സംഗമത്തില്‍ ഐഎസ്ആര്‍ഒ റിട്ടയേര്‍ഡ് സയന്റിസ്റ്റ് ഷാജി സൈമണ്‍ ബഹിരാകാശ ശാസ്ത്ര സാധ്യതകളെ കുറിച്ച് ക്ലാസെടുത്തു. മണിയൂര്‍ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍
ഒരുക്കിയ റോബോട്ടിക്, സ്റ്റാര്‍ട്ടപ്പ് എക്‌സിബിഷനുകള്‍ മടപ്പള്ളി ടോക്കിനെ ശദ്ധേയമാക്കി.
സംസ്ഥാനതലത്തില്‍ വിവിധ മേളകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച് സ്‌കൂളിന്റെ അഭിമാനമായി മാറിയ പ്രതിഭകളെയും ചിത്രകലയില്‍ പനോരമ ഇന്റര്‍നാഷണല്‍ അവാര്‍ഡ് കരസ്ഥമാക്കിയ അധ്യാപകന്‍ റെജികുമാറിയും അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് പി.വി പ്രശാന്തന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ് മിസ്ട്രസ് പി.കെ സുപ്രിയ, കെ.കെ ചന്ദ്രന്‍, കെ. സജില, വി.കെ ജിനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പള്‍ എം. ജിതേഷ് സ്വാഗതം പറഞ്ഞു. വിരമിക്കുന്ന അധ്യാപകര്‍ക്ക് സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്‌നേഹോപഹാരങ്ങള്‍ കൈമാറി.
















