
കണ്ണൂര്‍: പാര്‍ട്ടി വിട്ട സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.കെ.ഗോവിന്ദന്‍ കെ. സുധാകരന്‍ എംപിയെ സന്ദര്‍ശിച്ചു. കെ.സുധാകരന്റെ നടാലിലെ വീട്ടിലെത്തിയ
ടി.കെ.ഗോവിന്ദനെ കെ.സുധാകരന്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. അര മണിക്കൂറോളം ഇരുവരും അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച്ച നടത്തി. ഇതിനു ശേഷമാണ് പിരിഞ്ഞത്.
തളിപ്പറമ്പില്‍ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ടി.കെ.ഗോവിന്ദന്‍. എന്നാല്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളും ഒരു മണ്ഡലം നേതാവും ഇവിടെ പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ കാര്യത്തില്‍ സുധാകരന്റെ ഇടപെടല്‍
ആവശ്യപ്പെട്ടാണ് ടി.കെ.ഗോവിന്ദന്‍ എത്തിയതെന്നാണ് സൂചന.
അതേസമയം കെ.സുധാകരനുമായി വ്യക്തിപരമായ വിരോധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം യുഡിഎഫിന്റെ സമുന്നതനായ നേതാവാണെന്നും ടി.കെ.ഗോവിന്ദന്‍ പ്രതികരിച്ചു. തന്റെ സ്ഥാനാര്‍ഥിത്വത്തിന് യുഡിഎഫ് പിന്തുണ നല്‍കുമ്പോള്‍ സ്വാഭാവികമായും പാര്‍ട്ടിയിലെ സമുന്നത നേതാക്കളെ കാണും. വിമതര്‍ തന്റെ വിഷയമല്ല, അതെല്ലാം അവരുടെ പാര്‍ട്ടി നോക്കിക്കോളുമെന്നും ടി.കെ.ഗോവിന്ദന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ യുഡിഎഫിന്റെ മുതിര്‍ന്ന നേതാക്കളെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















