
വില്യാപ്പള്ളി: ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നിരവധി കെട്ടിടങ്ങളില്‍ നിന്ന് ബാത്ത്‌റൂം മാലിന്യം ഉള്‍പ്പെടെ അഴുക്ക് വെള്ളം നേരിട്ട് പൊതുനിരത്തിലേക്കും കടകളുടെ
മുന്നിലേക്കും ഒഴുക്കിവിടുന്നതിനെതിരെ രാഷ്ട്രീയ യുവജനതാദളും സോഷ്യലിസ്റ്റ് വിദ്യാര്‍ഥി ജനതയും സംയുക്തമായി വില്യാപ്പള്ളിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ആളുകളെ താമസിപ്പിക്കാന്‍ സൗകര്യമൊരുക്കുന്ന ലോഡ്ജുകളും ചില കച്ചവട സ്ഥാപനങ്ങളും ഉള്‍പ്പെടെ പല സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യം പൊതു ഡ്രെയിനേജിലേക്കാണ് തള്ളുന്നത്. ഇതുമൂലം വില്യാപ്പള്ളിയുടെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ദുരിതമനുഭവിച്ചു വരികയാണ്. ദുര്‍ഗന്ധവും മലിനജലക്കെട്ടും മൂലം വിവിധ തരത്തിലുള്ള പകര്‍ച്ചവ്യാധികളും മാറാരോഗങ്ങളും വ്യാപിക്കുന്ന സ്ഥിതിവിശേഷം ഉണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി ഇടപെട്ട് കുറ്റക്കാരെ കണ്ടെത്തി കര്‍ശന നിയമനടപടിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ശുചിത്വമുള്ള വില്യാപ്പള്ളി ജനങ്ങളുടെ
അടിസ്ഥാന അവകാശമാണെന്നും അവര്‍ വ്യക്തമാക്കി.
ആര്‍ജെഡി ജില്ലാ കമ്മിറ്റി അംഗം മലയില്‍ ബാലകൃഷ്ണന്‍, എം.ടി.കെ. സുരേഷ്, രാജേഷ് മലയില്‍ എന്നിവര്‍ സംസാരിച്ചു. രാഷ്ട്രീയ യുവജനതാദള്‍ മണ്ഡലം പ്രസിഡന്റ് എം.ടി.കെ. സുധീഷ്, സോഷ്യലിസ്റ്റ് വിദ്യാര്‍ഥി ജനത ജില്ലാ പ്രസിഡന്റ് സ്‌നേഹില്‍ ശശി, സച്ചിന്‍ വില്യാപ്പള്ളി, ഷിജിന്‍ കെ.കെ., അജിത്ത് മേമുണ്ട, ജെസ്സിന്‍ രാജ്, നിതീഷ് ദേവദത്ത്,അബിന്‍ ദാസ് ശ്യാമില്‍ ശശി എന്നിവര്‍ നേതൃത്വം നല്‍കി.
ആവശ്യങ്ങള്‍ പരിഗണിക്കപ്പെടാത്ത പക്ഷം സമരം ശക്തിപ്പെടുത്തുമെന്നു നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
















