വടകര: സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന പാസ്പോര്‍ട്ട് പുതുക്കല്‍ പ്രതിസന്ധിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംപി റിയാദിലെ
ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്തയച്ചു. വിഎഫ്എസ് ഗ്ലോബല്‍ വഴി നടപ്പിലാക്കുന്ന അപ്പോയിന്റ്മെന്റ് സിസ്റ്റത്തിലെ കാലതാമസം മൂലം പ്രവാസികള്‍ നിയമക്കുരുക്കിലും സാമ്പത്തിക പ്രതിസന്ധിയിലുമാണെന്ന് എംപി കത്തില്‍ ചൂണ്ടിക്കാട്ടി. മാസങ്ങളോളം കാത്തിരുന്നിട്ടും പാസ്പോര്‍ട്ട് പുതുക്കാനുള്ള അപ്പോയിന്റ്മെന്റ് ലഭിക്കുന്നില്ലെന്ന നിരവധി പരാതികള്‍ പ്രവാസികളില്‍ നിന്നു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എംപിയുടെ ഇടപെടല്‍.
പാസ്പോര്‍ട്ട് കാലാവധി കഴിയുന്നതോടെ പ്രവാസികളുടെ താമസ രേഖയായ ‘ഇഖാമ’ പുതുക്കാന്‍ സാധിക്കാതെ വരുന്നത് സൗദിയിലെ അവരുടെ താമസം നിയമവിരുദ്ധമാകാന്‍ കാരണമാകുന്നുണ്ട്. ഇത് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെടാനും ശമ്പളം ലഭിക്കുന്നത് തടസ്സപ്പെടാനും ഇടയാക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ പോലും നാട്ടിലേക്ക് വരാന്‍
കഴിയാത്ത വിധം പ്രവാസികള്‍ പ്രതിസന്ധിയിലാണെന്നു ഷാഫി പറമ്പില്‍ എംപി വ്യക്തമാക്കി. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍, ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാസ്പോര്‍ട്ട് പുതുക്കാന്‍ കഴിയാത്തത് തിരിച്ചടിയാകുമെന്നും അദ്ദേഹം അംബാസഡറെ അറിയിച്ചു.
ഈ ഗുരുതര സാഹചര്യം പരിഗണിച്ച് പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങളുടെ ശേഷി വര്‍ധിപ്പിക്കണമെന്നും പ്രതിദിന അപ്പോയിന്റ്മെന്റ് സ്ലോട്ടുകളുടെ എണ്ണം കൂട്ടണമെന്നും എംപി ആവശ്യപ്പെട്ടു. കൂടാതെ, വിദൂര ദിക്കുകളില്‍ കഴിയുന്ന പ്രവാസികള്‍ക്കായി പ്രത്യേക പാസ്പോര്‍ട്ട് കോണ്‍സുലാര്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും ഷാഫി പറമ്പില്‍ എംപി കത്തിലൂടെ അഭ്യര്‍ഥിച്ചു.
















