വടകര: വടകരയില്‍ യുഡിഎഫ് പിന്തുണക്കുന്ന ആര്‍എംപിഐ സ്ഥാനാര്‍ഥിയായി വീണ്ടും കെ.കെ.രമ. വിജയം സുനിശ്ചിതമാക്കാന്‍ രമയെ തന്നെ മത്സരിപ്പിക്കാന്‍ ആര്‍എംപിഐ
തീരുമാനിച്ചു. കരുത്തുറ്റ ജനപ്രതിനിധി എന്ന നിലയില്‍ തിളങ്ങിയ രമയുടെ പ്രകടനം ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടിയും യുഡിഎഫും. ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിനു പിന്നാലെയാണ് ധീരയായ പൊതുപ്രവര്‍ത്തകയായി കെ.കെ.രമയെ കേരളം കണ്ടത്. നടുവണ്ണൂരിലെ തലമുതിര്‍ന്ന കമ്യൂണിസ്റ്റ് കെ.കെ.മാധവന്റെയും ദാക്ഷായണിയമ്മയുടെയും മകളായ കെ.കെ.രമ കമ്യൂണിസ്റ്റ് കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായി. എസ്എഫ്‌ഐയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന അവര്‍ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും പലതവണ പോലീസ് മര്‍ദനങ്ങള്‍ക്കിരയാവുകയും ചെയ്തിട്ടുണ്ട്. ഡിവൈഎഫ്‌ഐ നേതാവായിരുന്ന
ടി.പി.ചന്ദ്രശേഖരനെ വിവാഹം കഴിച്ചതിനു ശേഷം ഒഞ്ചിയം കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനവും കുടുംബജീവിതവും ഒരുമിച്ചു കൊണ്ടു പോയി. കെ.കെ.രമ പിന്നീട് കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് ശേഷമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളമാകെ എല്‍ഡിഎഫ് തരംഗമുണ്ടായപ്പോള്‍ വടകര മാറി ചിന്തിച്ചു. കെ.കെ.രമയിലൂടെ വടകര മറുപക്ഷത്തെത്തി. 7491 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.കെ.രമയുടെ കന്നിവിജയം. ഈ വിജയം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് രമയും പാര്‍ട്ടിയും മുന്നണിയും.















