അഴിയൂര്‍: മുക്കാളി ടൗണ്‍ റോഡ് ഉടന്‍ തുറന്നു നല്‍കുമെന്ന് കളക്ടര്‍ ഉറപ്പു നല്‍കി. മീത്തലെ മുക്കാളിഭാഗത്ത് മണ്ണിടിഞ്ഞ സ്ഥലം കലക്ടര്‍ എം.എസ്.മാധവിക്കുട്ടി ഇന്ന് സന്ദര്‍ശിച്ച
അവസരത്തില്‍ വ്യാപാര വ്യവസായി സംയുക്ത സമിതി പ്രതിനിധികള്‍ കലക്ടറുമായി സംസാരിച്ചപ്പോഴാണ് ഉറപ്പ് ലഭിച്ചത്. മുക്കാളി ടൗണിലൂടെ കടന്നുപോകുന്ന പഴയ നാഷണല്‍ ഹൈവേ മൂന്ന് ദിവസം കൊണ്ടു തുറന്നു കൊടുക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ഉറപ്പ് പാലിക്കാത്ത പക്ഷം ഓഗസ്റ്റ് ഒമ്പതിന് ഹൈവേ ഉപരോധിക്കുമെന്ന് വ്യാപാരപ്രതിനിധികള്‍ കലക്ടറെ അറിയിച്ചിട്ടുണ്ട്. അടിപ്പാത ആവശ്യപ്പെട്ട് നാല്‍പത് ദിവസത്തിലേറെയായി സമരം നടക്കുന്ന മീത്തലെ മുക്കാളിയിലെ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരും കളക്ടറെ കാണാനെത്തി. ചോമ്പാല്‍ ഹാര്‍ബര്‍ വികസനം കൂടി കണക്കിലെടുത്ത് അടിപ്പാത യാഥാര്‍ഥ്യമാക്കണമെന്ന് നാട്ടുകാര്‍ കളക്ടറോട് അഭ്യര്‍ഥിച്ചു. അടിപ്പാതക്ക് വേണ്ടി ഉദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിക്കണമെന്ന് നാട്ടുകാര്‍ അഭ്യര്‍ഥിച്ചെങ്കിലും കളക്ടര്‍ വിസമ്മതം പ്രകടിപ്പിച്ചു.















