വടകര: മാഹി കനാലിന്റെയും കുറ്റ്യാടി പുഴയുടെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ചെരണ്ടത്തൂര്‍ മൂഴിക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്ക് വിപുലമായ
ഒരുക്കം. ഓഗസ്റ്റ് 12 ന് കാലത്ത് നാലുമണി മുതല്‍ കോഴിക്കോട് ശ്രേഷ്ഠാചാരസഭയുടെ കാര്‍മികത്വത്തില്‍ വാവുബലി തര്‍പ്പണം നടക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുന്നതിനായി ഭക്തജനങ്ങള്‍ക്ക് ഇവിടെ വാവുബലി തര്‍പ്പണം നടത്താവുന്നതാണ്. മുന്‍വര്‍ഷങ്ങളിലേതു പോലെ ആയിരക്കണക്കിന് ആളുകള്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യം ക്ഷേത്ര കമ്മിറ്റി ഒരുക്കുന്നുണ്ട്. വടകര ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് തോടന്നൂര്‍ വഴിയും പയ്യോളി ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് അട്ടക്കുണ്ട് കടവ് പാലം വഴിയും പേരാമ്പ്ര ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് ചാനിയംകടവ് വഴിയും ക്ഷേത്രത്തിലെത്താം. വിശാലമായ കുളിക്കടവ് വന്നതോടു കൂടി ഒരേ സമയം കുറെ പേര്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ കഴിയുമെന്നും ആളുകളുടെ ആരോഗ്യ സംരക്ഷണത്തിന് മെഡിക്കല്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ക്ഷേത്രം പ്രസിഡന്റ് ടി.പി.രവീന്ദ്രന്‍, ഖജാന്‍ജി മൂഴിക്കല്‍ പ്രജീഷ്, കര്‍ക്കിടക വാവുബലി കമ്മിറ്റി ചെയര്‍മാന്‍ ശ്രീധരന്‍ മൂഴിക്കല്‍, തറമ്മല്‍ പ്രകാശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.















