
കണ്ണൂര്‍: ഒമ്പതു വർഷമായി കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും 25 വർഷത്തിലേറെയായി ജില്ലാക്കമ്മിറ്റി അംഗവുമായിരുന്ന ടി.കെ.ഗോവിന്ദനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷാണ് ഇക്കാര്യം
അറിയിച്ചത്. പാര്‍ട്ടിവിട്ട ടി.കെ.ഗോവിന്ദന്റെ ആരോപണങ്ങളില്‍ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. എം.വി.ജയരാജനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പി.കെ.ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി തീരുമാനിച്ചതാണ്. സ്ഥാനാര്‍ഥിത്വത്തിന്റെ അടിസ്ഥാനം ബന്ധുത്വമല്ല. നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും സ്ഥാനാര്‍ഥികളായിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനം കൂടി പരിഗണിച്ചാണ് തീരുമാനം. പി.കെ.ശ്യാമളയ്ക്ക് വിപുലമായ പ്രവര്‍ത്തനപരിചയമുണ്ട്. ടി.കെ.ഗോവിന്ദന്റെ പേര് നിര്‍ദേശിച്ചത് ടി.കെ.ഗോവിന്ദന്‍
തന്നെയാണ്. പാര്‍ട്ടി വിരുദ്ധ നടപടിയാണിത്. ഗോവിന്ദനെ കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാനാകില്ല. അദ്ദേഹം യുഡിഎഫിന്റെ ചട്ടുകമായി മാറി. ടി.കെ.ഗോവിന്ദന് അധികാരത്തോട് വല്ലാത്ത ഭ്രമമാണ് ‘ – കെ കെ രാഗേഷ് രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.
എം വി ജയരാജന്‍ ഹാപ്പിനസ് ഫെസ്റ്റ് കണക്ക് വിശദീകരിച്ചു. കണക്ക് പാര്‍ട്ടിക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. വേടന്റെ അഭിമാനകരമായ പരിപാടിയാണ് നടന്നത്. ആന്തൂര്‍ സാജന്റെ മരണത്തില്‍ പി കെ ശ്യാമളയ്ക്ക് പങ്കില്ലെന്നും കുടുംബത്തിന്റെ വികാരം ഉള്‍ക്കൊണ്ടാണ് അന്വേഷണം നടത്തിയതെന്നും എം വി ജയരാജന്‍ വ്യക്തമാക്കി. സാജന്റെ സംരംഭത്തിന്
എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കി. കണ്‍വെന്‍ഷന്‍ സെന്ററിന്റെ ന്യൂനതകള്‍ ഉയര്‍ത്തിയത് ഉദ്യാഗസ്ഥരാണ്. ഇതില്‍ ചിലത് പരിഹരിച്ചതോടെ അനുമതി നല്‍കിയെന്നും ജയരാജന്‍ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ഇന്നലെയാണ് ടി കെ ഗോവിന്ദന്‍ രംഗത്തെത്തിയത്. പാര്‍ട്ടിയില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും അത് വകവയ്ക്കാതെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയെന്നും ഈ തീരുമാനം ആസൂത്രിതമാണെന്നുമാണ് ടി കെ ഗോവിന്ദന്‍ ആരോപണം. ഇതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.
















