
കൊല്ലം: കോളിളക്കം സൃഷ്ടിച്ച ഡോ. വന്ദന ദാസ് വധക്കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സന്ദീപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍,
ഫോറന്‍സിക് വിദഗ്ധര്‍, ചികിത്സിച്ച ഡോക്ടര്‍മാര്‍ തുടങ്ങി എഴുപതിലധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളും ഹാജരാക്കുകയും ചെയ്തു. കേസിലെ ഏക പ്രതിയാണ് സന്ദീപ്.
സംസ്ഥാനത്ത് ആദ്യമായി ഒരു ഡോക്ടര്‍ ആശുപത്രിയില്‍ കൊല്ലപ്പെട്ട സംഭവമാണ് ഡോ. വന്ദന ദാസിന്റേത്.
നെടുമ്പനയിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനായിരുന്ന കുടവട്ടൂര്‍ സ്വദേശി സന്ദീപാണ് ഡോ.വന്ദനയെ മദ്യലഹരിയില്‍ കത്രിക ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്. 2023 മേയ് 10ന് പുലര്‍ച്ചെ 4.35ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. നെഞ്ചത്തും
തലയിലും ആഴത്തിലുണ്ടായ മുറിവുകളായിരുന്നു മരണ കാരണം. കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറകാലയില്‍ വീട്ടില്‍ കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ്. മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി. ഹൗസ് സര്‍ജന്‍സിക്കാണ് താലൂക്ക് ആശുപത്രിയില്‍ എത്തിയത്. സന്ദീപ് മേയ് 10ന് പുലര്‍ച്ചെ മൂന്നോടെ കൊല്ലം റൂറല്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് താന്‍ അപകടത്തില്‍പ്പെട്ടെന്നും രക്ഷിക്കണമെന്നും അഭ്യര്‍ഥിച്ചു. പോലീസ് എത്തിയപ്പോള്‍ കാലില്‍ പരിക്കേറ്റ് അയല്‍വാസിയുടെ പറമ്പില്‍ നില്‍ക്കുകയായിരുന്നു. അയല്‍വാസികളെയും കൂട്ടി സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചു. ഡ്യൂട്ടി ഡോക്ടര്‍ മുറിവ് ഡ്രസ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ഒപി ടിക്കറ്റുമായി സന്ദീപിനൊപ്പം ഡ്രസിംഗ് റൂമിലേക്ക് പോയ
ഡോ. വന്ദന പിന്നീട് ഒബ്‌സര്‍വേഷന്‍ റൂമിലേക്ക് പോയി. ഇതിനിടെ കാഷ്വാലിറ്റിയില്‍ അക്രമാസക്തനായ സന്ദീപ് ഒപ്പമെത്തിയവരെ ആക്രമിച്ച ശേഷം ഒബ്‌സര്‍വേഷന്‍ റൂമിലേക്ക് പാഞ്ഞെത്തി. ഡ്രസിംഗ് റൂമില്‍ നിന്ന് കൈക്കലാക്കിയ കത്രിക ഉപയോഗിച്ച് ഡോ. വന്ദനയെ 27 തവണ കുത്തുകയായിരുന്നു. പ്രതിക്കെതിരെ ഭാര്യയും മൊഴി നല്‍കിയിരുന്നു. സന്ദീപ് മദ്യപിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പതിവായിരുന്നു. ഇതോടെ ഭാര്യ പിണങ്ങിപ്പോവുകയായിരുന്നു. തനിക്ക് മനോവിഭ്രാന്തിയുണ്ടെന്നായിരുന്നു പ്രതിയുടെ പ്രധാനവാദം. സുപ്രീംകോടതി ഉത്തരവ് പ്രകാരം പ്രതിയുടെ മാനസികനില വിദഗ്ധസംഘം പരിശോധിച്ചതോടെ ഈ വാദം പൊളിയുകയായിരുന്നു. സന്ദീപിനെ പിന്നീട് സര്‍വീസില്‍ നിന്ന് പുറത്താക്കി.
















