
അരൂര്‍: നീളംപാറ ക്വാറിയിലെ കരിങ്കല്‍ ഖനനം വീടുകള്‍ക്ക് ഭീഷണിയാകുന്നതായി പരാതി. പല വീടുകളിലും കരിങ്കല്‍ കഷണങ്ങള്‍ വന്നു പതിക്കുന്നതായും വീടുകള്‍ക്ക് വിള്ളലുണ്ടാകുന്നതായും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം നെല്ലിയുള്ളതില്‍ അബ്ദുല്ല, പിലാവുള്ള പറമ്പില്‍ രാജീവന് ഉള്‍പ്പെടെ പലരുടെയും വീടുകളില്‍ കല്ല് പതിച്ചതായാണ് പരാതി. വീടുകളുടെ ചുമരിന് വിള്ളലുണ്ടായതായും പരാതിയുണ്ട്. പുറമേരി ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് പി ശ്രീലതയുടെ നേതൃത്വത്തില്‍ യുഡിഎഫ് സംഘം ഇന്നലെ വിള്ളലുണ്ടായ വീടുകള്‍ സന്ദര്‍ശിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്കന്‍, കെ.ടി അബ്ദുറഹിമാന്, എപി മുനീര്‍, ചെത്തില്‍ കുമാരന്, എന്‍.പി രാജന്, കളത്തില്‍ ബാബു, പി വിജയന്, കെ .ടി സുനി, കെ ഗോപാലന് എന്നിവരടങ്ങുന്ന യു ഡി എഫ് സംഘം വിള്ളലുണ്ടായ വീടുകള്‍ സന്ദര്‍ശിച്ചു. ഗ്രാമസഭയിലും ഇത് സംബന്ധിച്ച പരാതി ഉയര്‍ന്നതായും അടുത്ത ദിവസം സര്‍വ്വകക്ഷി യോഗം വിളിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
കരിങ്കല്‍ ഖനനം വീടുകള്‍ക്ക് ഭീഷണിയായി മാറിയതിനാല്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തി വെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ശക്തിയായ സ്ഫോടനമാണ് ഉണ്ടാകുന്നതെന്നും ഇതാണ് വീടുകള്‍ക്ക് ഭീഷണിയെന്നും നേതാക്കള്‍ പറഞ്ഞു. പ്രദേശത്ത് വലിയ പാരിസ്ഥിതിക
പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ക്വാറി ഇനിയും പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ ജീവന് ആപത്താണെന്ന് സ്ഥലം സന്ദര്‍ശിച്ച ബിജെപി റൂറല്‍ ജില്ലാ പ്രസിഡന്റ് പ്രൊഫുല്‍ കൃഷ്ണ ആരോപിച്ചു. കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് ഒ.പി മഹേഷ്, ബിജെപി സംസ്ഥാന സമിതി അംഗം എംപി.രാജന്, ബിജെപി പുറമേരി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷാജി, യുവമോര്‍ച്ച ജില്ല ഉപാധക്ഷന് ഷിബിന്‍ പത്മനാഭന്, ഉദയന്‍ നിട്ടൂര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ജില്ലാ എക്സിക്യൂട്ടീവ് അംഗം രജീന്ദ്രന്‍ കപ്പള്ളിയുടെ നേതൃത്വത്തിലുള്ള സിപിഐ സംഘവും വീടുകള്‍ സന്ദര്‍ശിച്ചു. അഭിജിത്ത് കോറോത്ത്, പി.കെ ചന്ദ്രന്, പയന്തോടി പ്രദീഷ്, ടി സജീവന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
















