
കോഴിക്കോട്: മലയാള സാഹിത്യത്തിന് വേറിട്ട ഭാവുകത്വവും ആഖ്യാനശൈലിയും സംഭാവന ചെയ്ത എഴുത്തുകാരനാണ് മേതില്‍ രാധാകൃഷ്ണനെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞു. മലയാളഭാഷയ്ക്കും സാഹിത്യത്തിനും നല്കിയ സമഗ്രസംഭാവനകള്‍ക്ക് കേരള
സര്‍ക്കാര്‍ നല്കുന്ന പരമോന്നത സാഹിത്യബഹുമതിയായ എഴുത്തച്ഛന് പുരസ്കാരം മേതില്‍ രാധാകൃഷ്ണന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭാഷാപിതാവിന്റെ നാമധേയത്തിലുള്ള
മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കാന്‍ കഴിഞ്ഞത് ഒരു സാധാരണ വായനക്കാരനെന്ന നിലയില്‍ വലിയ ഭാഗ്യവും നിയോഗവുമായി
കാണുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു.
ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ സാംസ്കാരികം, സിനിമ, ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിച്ചു. മൗലികതയാണ് സാഹിത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് പറഞ്ഞ മുഖ്യമന്ത്രി, മേതില്‍ രാധാകൃഷ്ണന്റെ രചനകള്‍ ആദ്യമായി വായിച്ചപ്പോള്‍ പരിചിതമല്ലാത്ത രചനാശൈലിയും ആഖ്യാനരീതിയും ഭാഷയിലെ പുതുമയും തന്നെ അത്ഭുതപ്പെടുത്തിയതായി അനുസ്മരിച്ചു. നോവലുകളിലും ചെറുകഥകളിലും ശാസ്ത്രവും തത്വചിന്തയും ഭാഷയുടെ സൗന്ദര്യത്തിനുള്ളില്‍ സ്വാഭാവികമായി സന്നിവേശിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. വായനക്കാരെ പഠിപ്പിക്കുകയാണെന്ന തോന്നലുണ്ടാക്കാതെ
ശാസ്ത്രവും തത്വചിന്തയും രചനകളിലേക്ക് കൊണ്ടുവരുന്ന മികവും പ്രകൃതിയെയും ജന്തുജാലങ്ങളെയും ജീവജാലങ്ങളെയും കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണപാടവവും അദ്ദേഹത്തിന്റെ എഴുത്തിനെ വ്യത്യസ്തമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലം കഴിയുന്തോറും പുതിയ അര്‍ഥതലങ്ങള്‍ കണ്ടെത്താനും പുനര്‍വായനയ്ക്ക് വഴിയൊരുക്കാനും കഴിയുന്നവയാണ് മേതിലിന്റെ കൃതികള്‍. ഓരോ കാലത്തും വായനക്കാരുടെ പ്രായവും അനുഭവങ്ങളും കാഴ്ചപ്പാടുകളും മാറുന്നതിനനുസരിച്ച് ഇത്തരം രചനകള്‍ പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നു. മലയാളത്തില്‍ അപൂര്‍വം എഴുത്തുകാര്‍ക്കു മാത്രമേ ഒന്നിലധികം പുനര്‍വായനകള്‍ക്ക് സാധ്യതയുള്ള കൃതികള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും മേതില്‍ രാധാകൃഷ്ണന് അത്തരമൊരു എഴുത്തുകാരനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരസ്കാരത്തിന് അദ്ദേഹത്തെ
തെരഞ്ഞെടുത്ത ജൂറിയെയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ചടങ്ങില്‍ എം.കെ. രാഘവന് എംപി, എംഎല്‍എമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. കെ. പ്രവീണ്‍കുമാര്‍, സാംസ്കാരിക വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണന്, കളക്ടര്‍ എം എസ് മാധവിക്കുട്ടി, സാഹിത്യ അക്കാദമി പ്രസിഡന്റ് കല്‍പ്പറ്റ നാരായണന്, പുരസ്കാര നിര്‍ണയസമിതി അംഗം സാറാ ജോസഫ്, കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
കെ.ജി. ശങ്കരപിള്ള അധ്യക്ഷനും കെ സച്ചിദാനന്ദന്, കല്‍പ്പറ്റ നാരായണന്, സാറാ ജോസഫ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരത്തിനായി മേതില്‍ രാധാകൃഷ്ണനെ തെരഞ്ഞെടുത്തത്.
















