ന്യൂഡൽഹി: കെപിസിസി അധ്യക്ഷ പദവിയിൽ നിന്നു സണ്ണി ജോസഫിനെ ഉടൻ മാറ്റേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി
നടന്ന കൂടിക്കാഴ്ചയിൽ പുതിയ അധ്യക്ഷനെ സംബന്ധിച്ച ചർച്ചകളൊന്നും ഉണ്ടായില്ല. പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനവും യോഗത്തിൽ വിഷയമായില്ല. ഇത്തരം കാര്യങ്ങളിൽ കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ മാത്രം തീരുമാനമെടുത്താൽ മതിയെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. സണ്ണി ജോസഫ് ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളും സംഘടനാ തർക്കങ്ങളും പരിഹരിക്കുന്നതിനായി ഡിസംബർ പകുതിയോടെ സമഗ്രമായ പുനഃസംഘടന നടത്താനാണ് എ
ഐസിസിയുടെ നീക്കം. ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെയും 14 ജില്ലകളിലും പുതിയ ഡിസിസി അധ്യക്ഷന്മാരെയും നിയമിക്കാനാണ് കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്. മുതിർന്ന നേതാക്കൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും ഗ്രൂപ്പ് പോരുകളും പാർട്ടിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കിയെങ്കിലും സംഘടനാ സംവിധാനം ദുർബലമാണെന്ന് കേന്ദ്ര നേതൃത്വം കരുതുന്നു. അതിനാൽ പുനഃസംഘടന ഇനിയും വൈകിപ്പിക്കേണ്ടതില്ലെന്നാ
ണ് തീരുമാനം.
മന്ത്രിസഭയും പാർട്ടിയും തമ്മിൽ കൃത്യമായ ഏകോപനമില്ലെന്ന പരാതികളും ഘടകകക്ഷികളുടെ അതൃപ്തിയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവരുടെ വിമർശനങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡിന്റെ ഇടപെടൽ. നിലവിൽ കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫ് തന്നെയാണ് സംസ്ഥാന വൈദ്യുതി മന്ത്രിയായും പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ അധ്യക്ഷ സ്ഥാനത്ത് മാറ്റം വേണമെന്ന ആവശ്യം ആറുമാസം മുൻപേ ഉയർന്നിരുന്നെങ്കിലും അന്തിമ തീരുമാനമെടുക്കാൻ നേതൃത്വത്തിന് സാധിച്ചിട്ടില്ല.
















