
കോഴിക്കോട്: ചിരിയും കളിയും ഗൗരവമേറിയ ചര്‍ച്ചകളും ഇടകലര്‍ന്ന സംവാദവേദിയില്‍ നിര്‍മിത ബുദ്ധിയുടെ സാധ്യതകളും പരിമിതികളും മുതല്‍ ലഹരിയുടെ ദൂഷ്യവശങ്ങളും
ഭാവിയിലെ കരിയര്‍ സാധ്യതകളും വരെ കുട്ടികളുമായി പങ്കുവെച്ച് കളക്ടര്‍ എം.എസ്. മാധവിക്കുട്ടി. ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന പ്രതിവാര സംവാദ പരിപാടിയായ ‘കുട്ട്യോളും കളക്ടറും’ എട്ടാം പതിപ്പിലാണ് കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ 30 വിദ്യാര്‍ഥികള്‍ കളക്ടറുമായി സംവദിക്കാനെത്തിയത്.
‘ദ ലിസ്റ്റ്’, ‘ഷാര്‍ക്ക് ടാങ്ക്’, ‘വിസ്പര്‍ റിലേ’ എന്നീ രസകരമായ റൗണ്ടുകളോടെയായിരുന്നു പരിപാടിയുടെ തുടക്കം. തുടര്‍ന്ന് നടന്ന സംവാദത്തില്‍ നിര്‍മിത ബുദ്ധിയുടെ സമകാലിക ഉപയോഗം, വെല്ലുവിളികള്‍, അവ ക്രിയാത്മകമായി പ്രയോജനപ്പെടുത്തേണ്ട രീതി എന്നിവ പ്രധാന വിഷയമായി. എഐ നിത്യജീവിതത്തെയും ജോലികളെയും ഏറെ
എളുപ്പമാക്കിയിട്ടുണ്ടെങ്കിലും അതിന്റെ അമിതോപയോഗം മനുഷ്യന്റെ ചിന്താശേഷിയെ ബാധിക്കുമെന്ന് കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി കളക്ടര്‍ പറഞ്ഞു. മനുഷ്യന്റെ തനതായ ആശയങ്ങള്‍ക്ക് പകരമാകാന്‍ എഐക്ക് കഴിയില്ലെന്നും മനുഷ്യരുടെ വൈവിധ്യമാര്‍ന്ന ചിന്തകള്‍ക്കും കഴിവുകള്‍ക്കും എന്നും പ്രസക്തിയുണ്ടെന്നും അവര്‍ വ്യക്തമാക്കി. ലഹരി ഉപയോഗം സമൂഹത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍, ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍, കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്കുന്ന സംവിധാനങ്ങള്‍ എന്നിവയും ചര്‍ച്ചയില്‍ ഇടംപിടിച്ചു.
കളക്ടറുടെ ചേമ്പറില്‍ നടന്ന സംവാദത്തില്‍ സ്കൂള്‍ പ്രധാനാധ്യാപിക കെ. സലീന, അധ്യാപകരായ എ.എം. മോഹനന്, കെ.കെ. സിതാര, എന്‍.കെ. ഇന്ദിര എന്നിവരും പങ്കെടുത്തു.
















