ദോഹ: റൈസിംഗ് സ്റ്റാഴ്സ് ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ റെക്കോഡുകളുടെ പെരുമഴ തീര്‍ത്ത് ഇന്ത്യയുടെ പതിനഞ്ചുകാരന് വൈഭവ് സൂര്യവംശി. യുഎഇ യ്ക്കെതിരായ മത്സരത്തില്‍
ഇന്ത്യ എ ടീമിനായി ഓപ്പണറായി ഇറങ്ങിയ വൈഭവ് വെറും 52 പന്തില്‍ ഡബിള്‍ സെഞ്ചുറി നേടി ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ടസെഞ്ചുറിയെന്ന ലോകറെക്കോഡ് സ്വന്തം പേരിലാക്കി. വൈഭവിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ യുഎഇ ഉയര്‍ത്തിയ 250-8 (50) റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വെറും 14.2 ഓവറിലാണ് ഇന്ത്യ എ മറികടന്നത്. ഇന്നിംഗിസിന്റെ തുടക്കം മുതല്‍ എതിര് ബൗളര്‍മാരെ നിലംതൊടീക്കാതെ പ്രഹരിച്ച വൈഭവ് 16 പന്തുകളില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. തുടര്‍ന്ന് 28-ാം പന്തില്‍ സെഞ്ചുറി തികച്ച താരം, ഓസ്ട്രേലിയന്‍ താരം ജെയ്ക്ക് ഫ്രേസര്‍ മക്ഗുര്‍ഗ് 2023-ല്‍ കുറിച്ച 29 പന്തുകളിലെ സെഞ്ചുറിയെന്ന ലോകറെക്കോഡാണ് പഴങ്കഥയാക്കിയത്. ഇതോടെ സാക്കിബുള്‍ ഗനി (32 പന്ത്), ഇഷാന് കിഷന് (33 പന്ത്) എന്നിവരെ പിന്നിലാക്കി ലിസ്റ്റ് എ ക്രിക്കറ്റില്‍ വേഗമേറിയ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതിയും വൈഭവിന് സ്വന്തമായി. സെഞ്ചുറിക്ക് ശേഷവും ആക്രമണം തുടര്‍ന്ന താരം 40 പന്തുകളില്‍ 150 റണ്‍സ് പിന്നിട്ട് ഈ നേട്ടത്തിലെത്തുന്ന ഏറ്റവും വേഗമേറിയ താരമായി മാറി. പിന്നാലെ 52-ാം പന്തില്‍ ചരിത്രപരമായ ഡബിള്‍ സെഞ്ചുറിയും പൂര്‍ത്തിയാക്കി. 53 പന്തില്‍ 204 റണ്‍സെടുത്ത് പുറത്താകുമ്പോള്‍ 28 സിക്സറുകളും ഏഴ് ഫോറുകളും വൈഭവിന്റെ ബാറ്റില്‍നിന്നു പിറന്നിരുന്നു.















