
വടകര: യുഡിഎഫ് സര്‍ക്കാരിന്റെ വൈദ്യുതി ആസൂത്രണത്തിലെ പിഴവിലൂടെ രൂപപ്പെട്ട പ്രതിസന്ധി അഴിമതിക്കും സ്വകാര്യവല്‍ക്കരണത്തിനുമുള്ള അവസരമാക്കാനാണ് സര്‍ക്കാര്‍
ശ്രമിക്കുന്നതെന്ന് കെഎസ്ഇബി പവര്‍ സിസ്റ്റം മുന്‍ എഞ്ചിനീയര്‍ ഡോ. എം.ജി. സുരേഷ് കുമാര്‍ ആരോപിച്ചു. മത്തായി ചാക്കോ പഠന കേന്ദ്രം മണിയൂരിന്റെയും വെട്ടില്‍ പീടിക കെ.പി. ഷാജി ലൈബ്രറിയുടെയും
സംയുക്താഭിമുഖ്യത്തില്‍ നടന്ന ‘വൈദ്യുതി പ്രതിസന്ധി: യാഥാര്‍ഥ്യങ്ങളും പ്രചരണങ്ങളും’ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധി പരിഹരിക്കാന്‍ യാതൊരു ഇടപെടലും നടത്താതിരുന്ന സര്‍ക്കാര്‍ രാജ്യത്ത് പൊതുവേ പ്രതിസന്ധി അവസാനിച്ച ഘട്ടത്തിലാണ് വലിയ വിലക്ക് വൈദ്യുതി വാങ്ങാനും അതുവഴി അഴിമതി നടത്താനും ശ്രമിച്ചത്. നാലു രൂപയില്‍ താഴെ മാത്രം വിലയുള്ള കാറ്റാടി വൈദ്യുതി പതിനൊന്ന് രൂപ നിരക്കില്‍ വാങ്ങാന്‍ വിഇഎച്ച് കമ്പനിയുമായി വെച്ച കരാറും
സംശയകരമായ ഇടപാടുകളില്‍ വിവാദമായ ജിഎന്‍എ കമ്പനിയുമായി വൈദ്യുതി ആവശ്യമില്ലാത്ത പകല്‍ സമയത്തും വലിയ വില കൊടുത്ത് വൈദ്യുതി വാങ്ങാന്‍ മുഖ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങിയതും അഴിമതി ലക്ഷ്യമിട്ടുള്ള ഇടപാടുകളാണ്. ഇടതുപക്ഷമുന്നണി സര്‍ക്കാരിന് കീഴില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച കെഎസ്ഇബി കെടുകാര്യസ്ഥതയില്‍ പെടുത്തി സ്വകാര്യവല്‍ക്കരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ കേന്ദ്രനയങ്ങളില്‍ നിന്ന് ഒട്ടും വ്യത്യസ്തമായ സമീപനമല്ല സംസ്ഥാന സര്‍ക്കാരിനുമുള്ളതെന്ന് എം. ജി സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി.
വെട്ടില്‍ പീടികയില്‍ നടന്ന സംവാദ പരിപാടിയില്‍ എ.വി ബാബു അധ്യക്ഷത വഹിച്ചു. കെ.കെ. പ്രദീപന് സ്വാഗതവും കെ. മുരളി നന്ദിയും പറഞ്ഞു.
















