കോഴിക്കോട്: ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികളുടെ ആരോഗ്യ, സാമൂഹിക, മാനസിക ക്ഷേമം ലക്ഷ്യമിട്ട് ഡയമണ്ട് ഹെല്‍ത്ത് കെയര്‍ വടകരയും ടൈപ്പ് 1 ഡയബറ്റിസ്
വെല്‍ഫെയര്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഡയബറ്റിസ് ഉത്സവ് 2026’ ന്റെ സമാപന സംഗമം നവംബര്‍ 22 ഞായറാഴ്ച കോഴിക്കോട് കുറ്റിക്കാട്ടൂര്‍ മൊണ്ടാന എസ്റ്റേറ്റില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലബാര്‍ ഗോള്‍ഡിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടി രാവിലെ 9.30 മുതല്‍ വൈകിട്ട് 3 മണി വരെ നീണ്ടുനില്‍ക്കും. ഉദ്ഘാടന ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് ചെയര്മാന് എം.പി.അഹമ്മദ് മുഖ്യാതിഥിയായിരിക്കും. ഡോ. ഇദ്രീസ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. ആരോഗ്യ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ സംബന്ധിക്കും. ടൈപ്പ് 1 പ്രമേഹവുമായി ജീവിക്കുന്ന കുട്ടികളും അവരുടെ കുടുംബങ്ങളും നേരിടുന്ന മാനസികവും സാമൂഹികവും ആരോഗ്യപരവുമായ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുക, കുട്ടികളില്‍ ആത്മവിശ്വാസവും മാനസികാരോഗ്യവും വളര്‍ത്തുക, കുടുംബങ്ങള്‍ക്ക് ആവശ്യമായ പിന്തുണയും മാര്‍ഗനിര്‍ദേശവും നല്‍കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങള്‍. വിദഗ്ധ മനോരോഗ ചികിത്സകന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പ്രത്യേക മാനസികാരോഗ്യ ബോധവല്‍ക്കരണവും ഉപദേശക കൂടിക്കാഴ്ചകളും നടക്കും. ഇന്‍സുലിന്‍ ഉപയോഗം, പോഷകാഹാരം, വ്യായാമം, വിദ്യാലയങ്ങളിലെ പ്രമേഹപരിചരണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരുടെ സംവാദങ്ങളും
ബോധവല്‍ക്കരണ ക്ലാസുകളും ഉണ്ടായിരിക്കും. പരിപാടിയുടെ ഭാഗമായി അര്‍ഹരായ കുട്ടികള്‍ക്ക് അടുത്ത ആറുമാസത്തേക്കുള്ള ഇന്‍സുലിന്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സ്ട്രിപ്പുകള്‍, ഇന്‍സുലിന്‍ കുത്തിവെപ്പിനുള്ള സൂചികള്‍ തുടങ്ങിയ അവശ്യ പ്രമേഹപരിചരണ സാമഗ്രികള്‍ സൗജന്യമായി വിതരണം ചെയ്യും. കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കുന്നതിനും കുട്ടികളുടെ തുടര്‍ച്ചയായ ചികിത്സ ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണിത്. പരിപാടിയില്‍ ആയിരത്തോളം പേര് പങ്കെടുക്കും. നവംബര്‍ മാസത്തില്‍ ഡയമണ്ട് ഹെല്‍ത്ത് കെയറിന്റെ നേതൃത്വത്തില്‍ പ്രമേഹബോധവല്ക്കരണത്തിന്റെ ഭാഗമായി നിരവധി പൊതുജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സൗജന്യ വൈദ്യപരിശോധനാ ക്യാമ്പുകള്‍, സൗജന്യ പാദപരിശോധന ക്യാമ്പുകള്‍, സൗജന്യ നേത്രപരിശോധനാ ക്യാമ്പുകള്‍, ഡോക്ടര്‍മാര്‍ക്കുള്ള ഡയബറ്റിസ് ക്വിസ് മത്സരം, പൊതുജന പങ്കാളിത്തത്തോടെയുള്ള ‘വോക്ക് വിത്ത് ഡയബറ്റിസ്’ തുടങ്ങിയ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടന്നു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. മുഹമ്മദ് അഫ്രോസ്, ഡോ. കെ.എം.അബ്ദുല്ല, കെ.കെ.സാദത്ത്, വലിയകത്ത് സുനീര്‍, ഹാരിസ് എന്നിവര്‍ പങ്കെടുത്തു.















